സാഹസിക സെല്‍ഫിയെടുക്കാനുള്ള യുവാവിന്റെ ശ്രമം നാലു പേരുടെ ദാരുണ മരണത്തിനിടയാക്കി. പശ്ചിമബംഗാളിലെ ഹൗറയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച് അപകടത്തിൽപ്പെട്ട തറക്‌നാഥ് മകല്നെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തുക്കളാണ് മരണപ്പെട്ടത്.
സുമിത് കുമാര്‍, സഞ്ജീവ് പോളി, കാജല്‍ സാഹ,ചന്ദന്‍ പോളി എന്നിവരാണ് മരിച്ച സുഹൃത്തുക്കള്‍. 25നും 30നും ഇടയിലായിരുന്നു നാലുപേരുടെയും പ്രായം. ട്രെയിനിന്റെ വാതിലിന് പുറത്ത് നിന്ന് സെല്‍ഫി ചിത്രം പകര്‍ത്തുന്നതിനിടെ തറക്‌നാഥ് നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഇയാളെ പിടിക്കുന്നതിനായി മറ്റു നാലു പേരും ചാടിയെങ്കിലും ഇവര്‍ മറുവശത്തെ ട്രാക്കിലാണ് ചെന്ന് പതിച്ചത്. അപ്പോഴേക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ട്രെയിൻ നാലുപേരുടെയും ദേഹത്തുകൂടി കയറി ഇറങ്ങി.
നാലു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. തറക്നാഥിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.