ഒടിഞ്ഞ കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡല്‍ഹി സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് അമ്മയുടെ മസാജിനെ തുടര്‍ന്ന് മരിച്ചത്.
കണങ്കാലില്‍ പരിക്കേറ്റതിനെതുടര്‍ന്ന് ഇയാളുടെ കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം പ്ലാസ്റ്റര്‍ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷവും വേദന വന്നതോടെയാണ് യുവാവിന്റെ അമ്മ കാലില്‍ എണ്ണയിട്ട് തിരുമ്മിയത്. കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു ദാരുണമായ ഈ സംഭവം. മെഡിക്കോ-ലീഗല്‍ ജേണലിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.