കറുമ്പനെന്ന് വിളിച്ച് ആക്ഷേപിച്ചു, അഞ്ച് തവണ പ്രേമാഭ്യർത്ഥന നിരസിച്ചു; മിണ്ടാപ്പൂച്ച ആയിരുന്ന രാംകുമാറിനെ കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ച കാരണങ്ങൾ വിചിത്രം

തിങ്കള്‍, 4 ജൂലൈ 2016 (12:17 IST)
ചെന്നൈ നുങ്കംപാക്കം റെയിൽവെ സ്റ്റേഷനിൽ സ്വാതിയെന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി രാംകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റ് നേരിട്ടെത്തി. റായ്പ്പേട്ട ജനറൽ ആശുപത്രിയിൽ പ്രത്യേക വിഭാഗം വാർഡിൽ ചികിത്സയിൽ കഴിയുന്ന പ്രേംകുമാറിന്റെ നില ഗുരുതരമാണെന്ന സാഹചര്യത്തിലാണ് മജിസ്ട്രേറ്റ് ഗോപിനാഥ് മൊഴി രേഖപ്പെടുത്തുന്നതിന് ആശുപത്രിയിൽ നേരിട്ടെത്തിയത്.
 
പ്രതിയുടെ കഴുത്തിലേറ്റ മുറിവ് പഴുപ്പാകാൻ സാധ്യതയുണ്ടെന്ന് രാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. ഗുരുതരാവസ്ഥയിൽ തിരുനെൽവേലി സർക്കാർ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാംകുമാറിനെ ഇന്നലെയാണ് റായ്പ്പേട്ടയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.
 
കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ ആരെങ്കിലും സഹായിച്ചിരുന്നോ, മറ്റാർക്കെങ്കിലും കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നോ, കൊല നടത്താൻ ഉപയോഗിച്ച കത്തി രാംകുമാർ വാങ്ങിയതെവിടെ നിന്ന്, തുടങ്ങിയ കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ ശ്രമിക്കുകയാണ് പൊലീസ്.
 
അതേസമയം, രാംകുമാർ അഞ്ച് തവണ സ്വാതിയോട് പ്രണയാഭ്യർത്ഥന നടത്തിയെന്നും അപ്പോഴൊക്കെ വളരെ ആക്ഷേപരീതിയിൽ സ്വാതി രാംകുമാറിനോട് പെരുമാറിയെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ സ്വാതി കറുമ്പനെന്ന് വിളിക്കുകയും കറുപ്പിനെപറ്റി കളിയാക്കുകയും  ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക