മാഗി സുരക്ഷിതമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി നെസ്‌ലെ ഇന്ത്യ

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2015 (16:57 IST)
മാഗി ന്യൂഡില്‍സ് സുരക്ഷിതമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി നെസ്‌ലെ ഇന്ത്യ. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു മാഗി ന്യൂഡില്‍സിന്റെ സാമ്പിളുകളുടെ പരിശോധന നടത്തിയത്. കോടതി നിര്‍ദ്ദേശിച്ച ലബോറട്ടറിയില്‍ ആയിരുന്നു പരിശോധന നടത്തിയത്.
 
വ്യത്യസ്ത രീതിയിലുള്ള തൊണ്ണൂറ് സാമ്പിളുകള്‍ ആയിരുന്നു പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ഈയത്തിന്റെ അംശം അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയിരുന്നു.
 
ദേശീയ, അന്തര്‍ദേശീയ തലങ്ങളിലായി 200 മില്യണ്‍ പായ്‌ക്കറ്റുകളില്‍ നിന്നായി 3, 500 പരിശോധനകള്‍ ആയിരുന്നു നടത്തിയത്. എല്ലാ പരിശോധനഫലങ്ങളും നെസ്‌ലെ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. 
 
കൂടാതെ, യു എസ് എ, യു കെ, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും നെസ്‌ലെ ഇന്ത്യ നിര്‍മ്മിക്കുന്ന മാഗി ന്യൂഡില്‍സ് ഉപയോഗയോഗ്യമാണെന്ന് അംഗീകരിച്ചു. മെയ് മാസത്തില്‍ ആയിരുന്നു മാഗി ന്യൂഡില്‍സിന്റെ ചില പായ്ക്കറ്റുകളില്‍ ഈയത്തിന്റെ അംശം കൂടുതലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നെസ്‌ലെ ഇന്ത്യ 67.42 മില്യണ്‍ ഡോളറ് വിലമതിക്കുന്ന മാഗി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.