ബീഫ് ഉണ്ടെന്ന് ആരോപിച്ച് ട്രയിനില്‍ മുസ്ലിം ദമ്പതികള്‍ക്കു നേരെ ആക്രമണം; ഗോരക്ഷക സമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വെള്ളി, 15 ജനുവരി 2016 (14:47 IST)
മധ്യപ്രദേശില്‍ ട്രയിന്‍ യാത്രയ്ക്കിടെ മുസ്ലിം ദമ്പതികള്‍ക്കു നേരെ ആക്രമണം. ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ദമ്പതികളെ മര്‍ദ്ദിച്ചത്. കുഷിനഗര്‍ എക്‌സ്‌പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ഗോരക്ഷക സമിതി എന്ന സംഘടനയിലെ ഏഴു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച ട്രയിന്‍ ഖിര്‍കിയ സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഗോരക്ഷ സമിതിയിലെ ഹേമന്ത് രാജ്പുത്, സന്തോഷ് എന്നീ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗില്‍ നിന്ന് ബീഫ് പിടിച്ചെടുത്തു എന്ന് അറസ്റ്റിലായവര്‍ അവകാശപ്പെട്ടതായി പൊലീസ് പറയുന്നു. ദമ്പതികളുടെ ബന്ധുക്കള്‍ സമിതി പ്രവര്‍ത്തകരുമായി സ്‌റ്റേഷനില്‍ വെച്ചു സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് അവരെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ലാബില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്ന് കണ്ടെടുത്തത് പോത്തിറച്ചിയാണെന്നു തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
ഹാര്‍ദ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍ (43), ഭാര്യ നസീമ ബാനോ (38) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഹൈദരാബാദില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങി വരുമ്പോള്‍ ആയിരുന്നു സംഭവം. ബാഗ് പരിശോധിക്കുന്നത് തടഞ്ഞ ഭാര്യയെ അക്രമികള്‍ മര്‍ദ്ദിച്ച് അവശയാക്കിയെന്ന് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. തങ്ങള്‍ ആട്ടിറച്ചിയാണ് കഴിക്കുന്നത് എന്നും ഇന്ത്യയില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയും എന്നും മുഹമ്മദ് ഹുസൈന്‍ അഭിപ്രായപ്പെട്ടു. മാംസം പിടിച്ചെടുത്ത കറുത്ത ബാഗ് തങ്ങളുടേതല്ലായെന്നും ദമ്പതികള്‍ പറഞ്ഞു. പൊലീസ് എത്തിയതോടെയാണ് അക്രമികളില്‍ നിന്നും തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും ഹുസൈന്‍ പറഞ്ഞു.
കമ്പാര്‍ട്ട്‌മെന്റില്‍ തിരക്കു കൂടുതലായതിനാല്‍ താന്‍ വാതിലിനു സമീപമാണ് നിന്നത്. ഒരു യാത്രക്കാരന്‍ തന്റെ ഭാര്യയ്ക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തു. ബാഗ് പരിശോധിക്കുന്നതു സഹയാത്രക്കാരും എതിര്‍ത്തു. ഈ സമയം തന്റെ ഭാര്യയെ അവര്‍ ടോയ്‌ലറ്റിലേക്ക് തള്ളിയിട്ടു. ഇതോടെ സ്‌റ്റേഷനു സമീപം താമസിക്കുന്ന തന്റെ ബന്ധുക്കളെ തനിക്ക് വിളിക്കേണ്ടി വന്നു. പ്രദേശവാസികളുമായി എത്തിയ അവര്‍ ഇതിനെതിരെ സമിതി പ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയെന്നും ഹുസൈന്‍ അറിയിച്ചു.