കുംഭകോണം തീപിടുത്തം: ഹെഡ‌്മിസ്ട്രസ് ജീവപര്യന്തവും മാനേജർക്ക് പത്തു വർഷം തടവും

ബുധന്‍, 30 ജൂലൈ 2014 (12:42 IST)
തമിഴ്നാട്ടിലെ കുംഭകോണത്ത് സ്കൂളിന് തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്കൂൾ ഹെഡ‌്മിസ്ട്രസ് ജീവപര്യന്തവും, സ്കൂള്‍ മാനേജർക്ക് പത്തു വർഷം തടവും തഞ്ചാവൂർ കോടതി വിധിച്ചു. മൂന്ന് അദ്ധ്യാപകരടക്കം പതിനൊന്ന് പേരെ വെറുതെ വിട്ടു.

2004 ജൂലായ് 16നാണ് ദാരുണമായ സംഭവം ഉണ്ടായത്. സ്കൂളിലെ പാചകപ്പുരയിൽ നിന്ന് പടർന്ന തീ ക്ളാസ് മുറികളിലേക്ക് പടരുകയായിരുന്നു. മരിച്ച കുട്ടികൾ എല്ലാവരും അഞ്ചിനും ഒന്പതു വയസിനു ഇടയിൽ പ്രായമുള്ളവരായിരുന്നു. പൊള്ളലേറ്റും ശ്വാസം മുട്ടിയുമായിരുന്നു കൂടുതല്‍ മരണം. നാല്, അഞ്ച് ക്ളാസുകളില്‍ പഠിക്കുന്ന 46 ആണ്‍കുട്ടികളും 40 പെണ്‍കുട്ടികളും മരിച്ചവരില്‍പ്പെട്ടിരുന്നു.  

ക്ഷേത്രനഗരമായ കുംഭകോണത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ദാരാപുരം ഗവ. ആര്‍ട്സ് കോളജിനു സമീപം കാശിരാമന്‍ തെരുവിലെ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സമുച്ചയത്തില്‍പ്പെട്ട സരസ്വതി പ്രൈമറി സ്കൂളിലാണ് ദുരന്തമുണ്ടായത്.

സ്കൂളിലെ പാചകപ്പുരയിൽ നിന്ന് പടർന്ന തീ കണ്ട് കുട്ടികള്‍ ഓടിയിറങ്ങാതിരിക്കാന്‍ 'ആയ മൂന്നാം നിലയുടെ ഗോവണിയില്‍ നിന്നു പുറത്തേയ്ക്കുള്ള വാതില്‍ അടച്ചതിതിനാല്‍ പുറത്തു കടക്കാനാവാതെ പൊള്ളലേറ്റും ശ്വാസം മുട്ടിയും കുട്ടികള്‍ മരിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ അദ്ധ്യാപകർ കുട്ടികളെ വിട്ട് ഓടി പോകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക