രാജ്യാന്തര കോടതിക്കെതിരെ പാകിസ്ഥാന്‍; യാദവിന്റെ ജീവൻ അപകടത്തിലാണെന്ന് ഇന്ത്യ - വിഷയത്തില്‍ വാക്പോര് തുടരുന്നു

ബുധന്‍, 10 മെയ് 2017 (15:48 IST)
മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ നിപാട് വ്യക്തമാക്കി പാകിസ്ഥാന്‍ രംഗത്ത്. യാദവിന്റെ വധശിക്ഷയെ ന്യായീകരിക്കുന്ന പ്രസ്‌താവനയാണ് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് നല്‍കുന്നത്.

ഇന്ത്യയുടെ പിന്തുണയോടെ പാകിസ്ഥാനിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചത്. യാദവിന്റെ വധശിക്ഷ റദ്ദാക്കിയ ഹേഗിലെ രാജ്യാന്തര കോടതിയുടെ നടപടി അധികാരപരിധി ലംഘിച്ചുള്ളതാതാണെന്നും പാക് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റത്തിനാണ് യാദവിനെ വധശിക്ഷയ്‌ക്ക് വിധിച്ചതെന്നും പാകിസ്ഥാന്‍ പറഞ്ഞു.

അതേസമയം, നിലപാട് കടുപ്പിച്ച് പാകിസ്ഥാനും രംഗത്തെത്തി. യാദവിന്റെ ജീവൻ അപകടത്തിലാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. നയതന്ത്രസഹായം നല്‍കാനുള്ള ഇന്ത്യയുടെ നീക്കങ്ങളെല്ലാം പാകിസ്ഥാന്‍ തടഞ്ഞെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബംഗ്ലെ പറഞ്ഞു.

ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക് സൈനികകോടതിയാണ് വധശിക്ഷ വിധിച്ചത്. അദ്ദേഹത്തെ കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നായിരുന്നു പാക് അവകാശവാദം. ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു യാദവെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.

യാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പാക് തടവറയിലുള്ള യാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തുടര്‍ച്ചയായി തള്ളിയതും ഇന്ത്യ ശക്തമായി പ്രതിഷേധിക്കാന്‍ കാരണമായി.

വെബ്ദുനിയ വായിക്കുക