കൊല്‍ക്കൊത്തയില്‍ തകര്‍ന്നു വീണ വിവേകാനന്ദ മേല്‍പ്പാലം ഇതുവരെ കവര്‍ന്നത് 17 ജീവനുകളാണ്. നിരവധിയാളുകള്‍ ഇപ്പോഴും ഇടിഞ്ഞുവീണ പാലത്തിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ് അടക്കമുള്ള വാഹനങ്ങളും അടിയില്‍പ്പെട്ടു പോയിട്ടുണ്ട്.
അപകടമുണ്ടാക്കിയ ഈ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആറു തവണയാണ് മുടങ്ങിപ്പോയത്. 2.5 കിലോമീറ്റര്‍ ആണ് മേല്‍പ്പാലത്തിന്റെ നീളം. ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര പുനരുദ്ധാരണ മിഷന്റെ ഭാഗമായിട്ടാണ് പാലത്തിന്റെ നിര്‍മ്മാണം.
ബുറാബസാര്‍ മേഖലയിലെ തിരക്ക് കുറയ്ക്കാന്‍ ഈ മേല്‍പ്പാലം സഹായിക്കുമെന്നാണ് കരുതപ്പെട്ടത്. ഏഷ്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമാണ് ഈ കേന്ദ്രം. 2008ലാണ് പദ്ധതിക്കായി തറക്കല്ലിട്ടത്. 2009 ഫെബ്രുവരി 24, മുതല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 164 കോടി രൂപയായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ചത്.
2012ല്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് ഉണ്ടായ ചില പ്രശ്നങ്ങളാണ് പദ്ധതി പാതിവഴിക്ക് തടസ്സപ്പെടാന്‍ കാരണമായത്. മേല്‍പ്പാലം തകര്‍ന്നു വീണതോടെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്ന ഏജന്‍സിയും സാമ്പത്തികപ്രശ്നങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്.
അപകടത്തില്‍ ഇതുവരെ 17 പേരാണ് മരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.