വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ ബുധനാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പേട്ട ഗ്രാമത്തിന് സമീപമുള്ള വാദര്‍ബല കാടുകളില്‍ പൊലീസും സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
കാടിനുള്ളില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതലാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്. ചൊവ്വാഴ്ച തെരച്ചില്‍ നടത്തുന്നവര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിവച്ചിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചതൊടെ അന്ന് ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ന് ഇതിന്റെ തുടര്‍ച്ചയായി നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു തീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുരക്ഷാ സേനയ്ക്ക് അപകടമൊന്നുമുണ്ടായിട്ടില്ലെന്ന് വടക്കന്‍ കാശ്മീരിലെ ഡിഐജിയായ ഗുലാം ഹസന്‍ഭട്ട് അറിയിച്ചു. ഇപ്പോഴും തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.