കശ്മീരില്‍ വീണ്ടും വെടിയേറ്റ് മരണം, ദുരൂഹത തുടരുന്നു
തിങ്കള്‍, 15 ജൂണ്‍ 2015 (15:47 IST)
കശ്മീരില്‍ ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. അജയ് അഹമ്മദ് റേഷി എന്നയാളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മീരിലെ സോപ്പോരിലാണ് സംഭവം. മുണ്‍ജി മേഖലയില്‍ വെച്ചാണ് അജയ് അഹമ്മദ് റേഷിയെ അക്രമികള്‍ വെടിവെച്ചത്. തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് നേരത്തെ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ക്ലോസ് റേഞ്ചില്‍ നിന്നായിരുന്നു വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് സോപ്പോരില്‍ വ്യാപാരികള്‍ കടകളടച്ചിട്ടിരിക്കുകയാണ്.
ഇതോടെ കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ സമാനമായ സാഹചര്യത്തില്‍ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.ഇന്നലെയും സോപ്പോരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ബദാമിബാഗ് മേഖലയില്‍ പൗള്‍ട്രി ഫാം നടത്തുകയായിരുന്ന മെഹ്‌റാജ് ഉദ് ദിന്‍ ഭാത് ആണ് കൊല്ലപ്പെട്ടത്. വിഘടനവാദ സംഘടനയായ ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് ഭാതിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന് ലഭിച്ച സൂചന.
വെള്ളിയാഴ്ച അല്‍താഫ് ഉല്‍ റഹ് മാന്‍ എന്ന മറ്റൊരു കടയുടമയും ചൊവ്വാഴ്ച ഹൂറിയത് കോണ്‍ഫറന്‍സ് പ്രവര്‍ത്തകനായിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. അല്‍താഫിനും തെഹ് രിക് ഇ ഹൂറിയത് എന്ന സംഘടനയുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ സോപ്പോരിലെ ജനങ്ങളില്‍ ഭീതി വിതച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.