കശ്മീരില്‍ അമിത്ഷാ മാജിക് ആവര്‍ത്തിക്കുമോ?

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2014 (13:10 IST)
യുപി മാജിക് ആവര്‍ത്തിക്കാന്‍ തുനിഞ്ഞിറങ്ങിയ അമിത്ഷായുടെ ഇപ്പോഴത്തെ നീക്കം അതിരു കടന്നില്ലേ എന്ന് ആര്‍ക്കും തോന്നിപ്പോകും. കാരണം യുപി മാജിക് ആവര്‍ത്തിപ്പിക്കാന്‍ അമിത് ഷാ തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം അത്തരത്തിലൊന്നാണ്. ഇവിടെ തന്റെ മാജിക് ആവര്‍ത്തിക്കപ്പെട്ടാല്‍ നമുക്ക് ഉറപ്പായും പറയാം അമിത് ഷാ അസാമാന്യനായ വ്യക്തി തന്നെയാണ്.

തന്റെ പുതിയ കര്‍മ്മ ഭൂമിയായി അമിത്ഷാ കണ്ടെത്തിയിരിക്കുന്ന സഥലം ഏതാണെന്നറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ നിന്ന് ബിജെപിക്കാര്‍ പോലും ഇതുവരെ മോചിതരായിട്ടില്ല. കാരണം ആ സ്ഥലത്തിന്റെ പേര് ജമ്മുകശ്മീര്‍ എന്നാണ്.

വിശ്രമമെന്നത് ഡിക്ഷ്ണറിയിലേ ഇല്ലാത്തതു പോലെ പാര്‍ട്ടിയേ രാജ്യത്തിന്റെ മുക്കിലും മൂലയിലും ഭരണത്തിലെത്തിക്കുക എന്ന ദൌത്യവുമായി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത അമിത്ഷായുടെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ബിജെപിക്കു പുറമേ ആര്‍‌എസ്‌എസ് പ്രവര്‍ത്തകരും മറ്റ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കൈകൊര്‍ത്തിരിക്കുകയാണ്.

ജമ്മുകാശ്മീരില്‍ ഒരു ഹിന്ദുമുഖ്യമന്ത്രിയെ വാഴിക്കുകയെന്ന ലക്ഷ്യവുമായാണ് അമിത്ഷാ ഇപ്പോള്‍ കശ്മീരിലെത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എങ്ങനെയെങ്കിലും വിജയിക്കുന്നുമെന്നതിനാല്‍ താന്‍ അവയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നില്ലെന്നും എന്നാല്‍ കാശ്മീരില്‍ വിജയിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അതിനായി അക്ഷീണപരിശ്രമം നടത്തണമെന്നുമാണ് അടുത്തിടെ മോട്ടി കൗളില്‍ ഒരു യോഗത്തില്‍ സംസാരിക്കവെ അമിത്ഷാ കാശ്മീരിലെ പാര്‍ട്ടിനേതാക്കളോട് പറഞ്ഞത്.

ജമ്മുവിലെ കാശ്മീരിലുമുള്ള നിയമസഭാസീറ്റുകളില്‍ പരമാവധി വിജയം നേടുകയാണ് അമിത്ഷായുടെ പ്രാഥമിക ലക്ഷ്യം. 2008ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജമ്മുമേഖലയിലെ 37 സീറ്റുകളില്‍ ബിജെപി 11 എണ്ണം നേടിയിരുന്നു. എന്നാല്‍ കശ്മീര്‍ താഴ്വരയിലെ ഒറ്റ സീറ്റുകള്‍ പോലും പാര്‍ട്ടിക്ക് നേടാനാകാത്ത സാഹചര്യം മാറ്റാനാണ് അമിത്ഷാ പരിശ്രമിക്കുന്നത്.

കാശ്മീര്‍ താഴ് വരയിലെ 46 സീറ്റുകളില്‍ എട്ട് എണ്ണത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വാധീനമുണ്ട്. അവരെ വന്‍തോതില്‍ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ തകൃതിയായ ശ്രമം നടക്കുന്നുണ്ട്. കൂടാതെ വിവിധ പാര്‍ട്ടികളിലെ അസംതൃപ്തരായ നേതാക്കളെ വലവീശിപ്പിടിക്കാനും ബിജെപി തന്ത്രങ്ങള്‍ മെനയുന്നുണ്ട്. പ്രാദേശികതലത്തില്‍ അവര്‍ക്കുള്ള സ്വാധീനം പ്രയോജനപ്പെടുത്തി കാശ്മീരില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡോ ബീംസിംഗിന്റെ പാന്‍തേര്‍സ് പാര്‍ട്ടി, ലഡാക്കില്‍ സ്വാധീനമുള്ള ഇമാം ഖോമിനി മെമോറിയല്‍ ട്രസ്റ്റ്, അവാമി ഇത്തിഹാദ് പാര്‍ട്ടി എന്നിവരുമായി സഖ്യസാധ്യതകള്‍ ബിജെപി തേടിക്കൊണ്ടിരിക്കുകയാണ്.  2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്‍ഗില്‍, സന്‍സ്‌കാര്‍ എന്നീ മേഖലകളില്‍ ഈ പാര്‍ട്ടികള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കാശ്മീരിലെ ഹബ്ബാകാഡൈ, ഗന്‍ഡര്‍ബാല്‍, കുല്‍ഗം, അനന്ത്‌നാഗ്, ട്രാല്‍ എന്നീ സീറ്റുകളില്‍ സ്വാധീനമുള്ള കശ്മീരി പണ്ഡിറ്റുകളുടെ വോട്ടുകള്‍  പാര്‍ട്ടി ചിഹ്നത്തില്‍ എത്തിക്കാനും ബിജെപി തന്ത്രങ്ങള്‍ അവിഷ്കരിച്ചു കഴിഞ്ഞിട്ടുണ്ട്.