ഗവർണറുടെ നടപടി റദ്ദാക്കാൻ തയ്യാറാകാതിരുന്ന കോടതി ശനിയാഴ്ച നാല് മണിക്ക് മുഖ്യമന്ത്രി യെദ്യൂരപ്പ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭൂരിപക്ഷം തെളിയിക്കാൻ കൂടുതല്‍ സമയം നൽകണമെന്നും, വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്നുമുള്ള ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റീസുമാരായ എകെ സിക്രി, അശോക് ഭൂഷൺ, എസ്എ ബോബ്ഡെഎന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ, പരസ്യ വോട്ടെടുപ്പാണ് നടത്തേണ്ടത്. നടപടിക്രമങ്ങള്‍ കോടതിയുടെ നിരീക്ഷണത്തിലായിരിക്കും. ഇക്കാര്യത്തിലെ നിയമവശം പിന്നീട് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
വിശ്വാസ വോട്ട് കഴിയുന്നതിന് മുമ്പ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കരുതെന്നും ബെഞ്ച് ഗവർണറോട് നിർദ്ദേശിച്ചു.
നാളെ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് ബിജെപിയും കോണ്‍ഗ്രസും കോടതിയില്‍ വ്യക്തമാക്കിയെങ്കിലും ആദ്യ അവസരം ബിജെപിക്ക് നല്‍കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്‌ചവരെ സമയം നല്‍കണമെന്ന ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ആവശ്യം കോടതി തള്ളി. ഇതോടെയാണ് കോടതിയില്‍ നിന്നും ബിജെപി കനത്ത തിരിച്ചടി നേരിട്ടത്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയില്ല എന്നത് മാത്രമാണ് ബിജെപിക്കുണ്ടായ ഏക ആശ്വാസം.