കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണിട്ടും കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ സാധിക്കാതെ യെദ്യൂരപ്പ. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ യെദ്യൂരപ്പയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. കുമാരസ്വാമിയോട് കാവല്‍മുഖ്യമന്ത്രിയായി തുടരാന്‍ ആവശ്യപ്പെട്ട കര്‍ണാടക ഗവര്‍ണര്‍ ഇതുവരെ അടുത്ത നടപടികളേക്ക് കടന്നിട്ടില്ല.
നിലവില്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ കക്ഷിനേതാവായ യെദ്യൂരപ്പയെ ഗവര്‍ണര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാം. അതല്ലെങ്കില്‍ കര്‍ണാടകയിലെ രാഷ്ട്രീയഅനിശ്ചിതാവസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണത്തിനും ശുപാര്‍ശ ചെയ്യാം.ഇതിലേത് വഴിയാവും ഗവര്‍ണര്‍ സ്വീകരിക്കുക എന്നു വ്യക്തമല്ല. ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി ഗവര്‍ണറും കാത്തിരിക്കുകയാണെന്നാണ് സൂചന.
നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുന്ന പക്ഷം ഇടക്കാലതെരഞ്ഞെടുപ്പിലേക്ക് കര്‍ണാടക നീങ്ങും. കര്‍ണാടകയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്റെ ഭാവിയെന്താവും എന്ന സംശയം കേന്ദ്രനേതൃത്വത്തിനുണ്ട്.
വിമതരുടെ രാജിയിലും അയോഗ്യതയിലും നിയമപരമായ നടപടികളുമായി മുന്നോട് പോവുകയാണെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഇതുവരെ അന്തിമ തീരുമാനം പ്രഖ്യാപിക്കാത്തതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്. 15 വിമതരെയും സ്പീക്കര്‍ അയോഗ്യരാക്കിയാല്‍ കോണ്‍ഗ്രസ് ദള്‍ നേതൃത്വങ്ങളുടെ നീക്കങ്ങള്‍ ഫലം കാണും.സ്പീക്കര്‍ തീരുമാനം അറിയിക്കും മുന്‍പ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വിശ്വാസം തെളിയിക്കേണ്ടിവരുമ്പോള്‍ വിമതര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാകും.
വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ തീര്‍പ്പാകുന്നതുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും കൂടുതല്‍ അംഗബലം നേടിയശേഷം സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. മാത്രമല്ല, തങ്ങളുടെ ചില എംഎല്‍എമാരെ സ്വാധീനിക്കുന്നതിനുള്ള നീക്കങ്ങള്‍ മറുപക്ഷം നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ അംഗബലം ഉറപ്പിച്ച ശേഷംസര്‍ക്കാര്‍ രൂപീകരിക്കുന്നതാകും നല്ലതെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്.