ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്; നമുക്ക് മറക്കാതിരിക്കാം

Webdunia
ഞായര്‍, 26 ജൂലൈ 2015 (11:03 IST)
ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ സൈന്യത്തെ പട്ടാളത്തെയും മുജാഹിദ്ദിൻ ഗറില്ലകളെയും തുരത്തി ഇന്ത്യ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു. ദേശീയാഭിമാനത്താൽ പ്രചോദിതരായ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത വിജയ യുദ്ധമായിരുന്നു 1999 ലെ കാർഗിൽ യുദ്ധം. 14000 അടി വരെ ഉയരമുള്ള മഞ്ഞു  മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തിയത് .

രണ്ട് മാസത്തിലധികം നീണ്ട യുദ്ധത്തില്‍ ജൂലൈ 26ന് ദ്രാസ് മേഖല പൂര്‍ണമായി പിടിച്ചെടുത്ത് ഇന്ത്യ വിജയം പ്രഖ്യാപിച്ചു. അപ്പോഴേക്കും രാജ്യത്തിന് അഞ്ഞൂറിലധികം ധീരജവാന്മാരെ നഷ്ടമായിക്കഴിഞ്ഞിരുന്നു.  1999 മെയിലാണ് ഇന്ത്യന്‍ സൈന്യം ദ്രാസ് മേഖലയില്‍ പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റം കണ്ടെത്തിയത്. വിഘടനവാദികള്‍ ഇടക്കിടെ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണിതെന്ന് കരുതിയ സൈന്യം ദിവസങ്ങള്‍ക്കകം ഇത് പരാജയപ്പെടുത്താമെന്ന് ആദ്യഘട്ടത്തില്‍ കരുതി. എന്നാല്‍ നിയന്ത്രണ രേഖയുടെ പല ഭാഗങ്ങളില്‍ പാക് സൈന്യം സമാനനീക്കങ്ങള്‍ നടത്തുന്നതായി സൈന്യം കണ്ടെത്തി.

തന്ത്രപ്രധാനമേഖലകളായ ദേശീയപാത ഒന്നും ലോകത്തിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സ് പിടിച്ചെടുത്തായിരുന്നു പാക് നീക്കം. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മിറ്റർ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത് . കൊടും തണുപ്പ് കാലത്ത് സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന തക്കം മുതലാക്കിയാണ് വിഘടനവാദികളും പരിശീലനം ലഭിച്ച പാകിസ്ഥാന്‍ സൈന്യവും അതിര്‍ത്തി കടന്നത്. ഫെബ്രുവരിയില്‍ തന്നെ ഇതിന് പാകിസ്ഥാന്‍ തുടക്കമിട്ടിരുന്നു.

അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്. പാകിസ്ഥാന്റെ സൈനിക നീക്കം മനസിലാക്കിയതൊടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. രണ്ട് ലക്ഷത്തോളം ഭടന്മാരെ വിന്യസിച്ച് വ്യോമസേനയുടെ കൂടെ സയുക്ത ആക്രമണമാണ് ഇന്ത്യ നടത്തിയത്. ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട കരസേനയുടേയും വ്യോമസേനയുടേയും സംയുക്തനീക്കം രണ്ട് മാസത്തിലധികം നീണ്ടു. ജൂലൈ 26ന് ദ്രാസ് മേഖല പൂര്‍ണമായി പിടിച്ചെടുത്ത് ഇന്ത്യ വിജയം പ്രഖ്യാപിച്ചു. യുദ്ധ വിജയത്തോടെ ദക്ഷിണേഷ്യയിലെ മേധാവിത്വ ശക്തിയായി ഇന്ത്യ വളര്‍ന്നു.

യുദ്ധത്തിൽ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം .  എന്നാൽ  യുദ്ധത്തിൽ മരിച്ച സൈനികരെ ഈയടുത്ത സമയത്ത് പാകിസ്ഥാൻ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി . കശ്മീരിലെ മുജാഹിദ്ദീൻ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല. 1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നിട് മനസിലായത്

ക്യാപ്റ്റൻ വിക്രം ബത്ര,  റൈഫിൾമാൻ സഞ്ജയ് കുമാർ, മനോജ് കുമാർ പാണ്ഡെ,  യോഗേന്ദ്ര സിംഗ് യാദവ്, അനുജ് നയ്യാർ , തുടങ്ങി നിരവധി ബലിദാനികൾ അവരുടെ യുവത്വവും സ്വപ്നങ്ങളും ഭാരതത്തിനു വേണ്ടീ ഹോമിച്ചു. വിജയത്തിന്റെ ഓര്‍മ്മ പുതുക്കി രാവിലെ ഡല്‍ഹിയികെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും കര, വ്യോമ, നാവിക സേന മേധാവികളും പുഷ്പചക്രം അര്‍പ്പിച്ചു. ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ വടക്കന്‍ സൈനിക കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ജനറല്‍ ഡിഎസ് ഹൂഡ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്യത്തിന്റെ ആത്മാഭിമാനം കാത്തു രക്ഷിക്കാന്‍ രാഷ്ട്രബലിത്തീയില്‍ ആത്മാഹുതി അര്‍പ്പിച്ച ധീരന്മാരായ സൈനികരുടെ മുമ്പില്‍  വെബ്ദുനിയയുടെ സാദര പ്രണാമങ്ങള്‍.