കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് 19 വർഷം!

തിങ്കള്‍, 23 ജൂലൈ 2018 (14:40 IST)
അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ പട്ടാളത്തെയും മുജാഹിദ്ദിൻ ഗറില്ലകളെയും തുരത്തി ഇന്ത്യ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചിട്ട് ജൂലൈ 26ന് 19 വര്‍ഷം തികയുകയാണ്. കാശ്മീരിലെ കാര്‍ഗില്‍, ദ്രാസ്, ബതാലിക് മേഖലകളില്‍ പാക് സൈന്യവും കാശ്മീര്‍ തീവ്രവാദികളും നടത്തിയ നുഴഞ്ഞു കയറ്റമാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്.
 
ദേശീയാഭിമാനത്താൽ പ്രചോദിതരായ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത വിജയ യുദ്ധമായിരുന്നു 1999 ലെ കാർഗിൽ യുദ്ധം. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും അവർ തകർന്നില്ല. പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. വിജയക്കൊടി പാറിച്ചത്.
 
1999 ജൂലൈ മൂന്നിനാണ് ടൈഗര്‍ ഹില്‍ പിടിച്ചടക്കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്. രണ്ടര മാസം നടന്ന പോരാട്ടത്തിനൊടുവില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയായ ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചു പിടിച്ചതോടെയാണ് കാര്‍ഗില്‍ യുദ്ധം അവസാനിച്ചത്. 
         
ഇതിനു ശേഷം ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസ് എന്ന പേരിലാണറിയപ്പെടുന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് ഒട്ടേറെ സൈനികരുടെ ജീവന്‍ നഷ്ടമായി. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാര്‍ഗില്‍ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്.
 
പാകിസ്ഥാനാണ് യുദ്ധം തുടങ്ങിവെച്ചത്. വിഘടനവാദികള്‍ ഇടക്കിടെ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണെന്നായിരുന്നു ആദ്യമൊക്കെ സൈന്യം കരുതിയിരുന്നത്. അതിനാൽ,വസങ്ങള്‍ക്കകം ഇത് പരാജയപ്പെടുത്താമെന്ന് കരുതി. എന്നാല്‍ നിയന്ത്രണ രേഖയുടെ പല ഭാഗങ്ങളില്‍ പാക് സൈന്യം സമാനനീക്കങ്ങള്‍ നടത്തുന്നതായി സൈന്യം കണ്ടെത്തി.
 
ലോകത്തിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സ് പിടിച്ചെടുത്തായിരുന്നു പാക് നീക്കം. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മിറ്റർ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്. കൊടും തണുപ്പ് കാലത്ത് സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന തക്കം മുതലാക്കിയാണ് പാകിസ്ഥാൻ സൈന്യം അതിർത്തി കടന്നത്. ഫെബ്രുവരി മുതൽക്കേ ഇതിനായി അവർ തന്ത്രങ്ങൾ മെനഞ്ഞിരുന്നു.
  
അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്നതായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. എന്നാൽ, പാകിസ്ഥാന്റെ സൈനിക നീക്കം മനസിലാക്കിയതൊടെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 
 
രണ്ട് ലക്ഷത്തോളം ഭടന്മാരെ വിന്യസിച്ച് വ്യോമസേനയുടെ കൂടെ സയുക്ത ആക്രമണമാണ് ഇന്ത്യ നടത്തിയത്. ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട കരസേനയുടേയും വ്യോമസേനയുടേയും സംയുക്തനീക്കം രണ്ട് മാസത്തിലധികം നീണ്ടു. ജൂലൈ 26ന് ദ്രാസ് മേഖല പൂര്‍ണമായി പിടിച്ചെടുത്ത് ഇന്ത്യ വിജയം പ്രഖ്യാപിച്ചു. 
 
യുദ്ധത്തിൽ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. കശ്മീരിലെ മുജാഹിദ്ദീൻ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല. 1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നിട് മനസിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍