മോദിയുടേയും ട്രംപിന്റേയും ആശയങ്ങള്‍ ഒന്നു തന്നെയാണ്; ഇന്ത്യയില്‍ അരങ്ങേറുന്ന ബീഫ് രാഷ്ട്രീയം നാം തിരിച്ചറിയണം: കനയ്യ കുമാർ

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (16:07 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഡൊണാള്‍ഡ് ട്രംപിനും ഒരേ മുഖമാണെന്ന് ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാര്‍. കപടദേശീയ വാദത്തിനും മതതീവ്രവാദത്തിനുമെതിരെ കോഴിക്കോട് നടക്കുന്ന എ ഐ വൈ എഫ് ദേശീയ ജനറല്‍ കൗണ്‍സില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രാജ്യത്തെ വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും യഥാർഥ പ്രശ്നത്തിൽ നിന്നു വഴി തിരിച്ചു വിടാനാണ് പലരും ശ്രമിക്കുന്നത്. ഇത്തരത്തില്‍ ചത്ത മൃഗത്തിന്റെ പേരിൽ ശിക്ഷിച്ചും വർഗീയ വികാരം ഉയർത്തിയും നമ്മുടെ ഭരണകൂടം ജനങ്ങളിൽ അസ്വസ്ഥത പടർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുമ്പോളാണ് തെറ്റായ വഴി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
നരേന്ദ്ര മോദിക്കും ഡൊണാള്‍ഡ് ട്രംപിനും ഭാഷയില്‍ മാത്രമാണ് വ്യത്യാസമുള്ളത്. ട്രംപ് ഇംഗ്ലീഷില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുമ്പോള്‍ മോദി ഹിന്ദിയില്‍ ചെയ്യുന്നുയെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മുസ്ലീമുകളാണെന്ന് മോദി പറയുന്നു. താന്‍ അധികാരത്തിലേറിയാല്‍ അമേരിക്കയില്‍ നിന്നും മുസ്ലീമുകളെ പുറത്താക്കുമെന്ന് ട്രംപും പറയുന്നുയെന്നും കനയ്യ പറഞ്ഞു. 
 
ഇന്ത്യയില്‍ അരങ്ങേറുന്ന ബീഫ് രാഷ്ട്രീയം നാം തിരിച്ചറിയണം. ചത്ത മൃഗങ്ങളുടെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ കൊലപ്പെടുകയാണ്. ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏകാധിപത്യ ഭരണമാണ് ഇവിടെ നടപ്പാക്കുന്നത്. പുരോഗന ആശയങ്ങളുള്ള മറ്റു മതേതര പാര്‍ട്ടികള്‍ പരാജയപ്പെടുന്നതു കൊണ്ടാണ് ബി ജെ പിയിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്നതെന്നും കനയ്യ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക