അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ താളം തുള്ളുന്നു, മനുഷ്യനെ വിഭജിക്കാനാണ് ഈ നീക്കം; വിഎച്ച്പിയുടെ രഥയാത്രയ്‌ക്കെതിരെ കമല്‍‌ഹാസന്‍

ചൊവ്വ, 20 മാര്‍ച്ച് 2018 (19:42 IST)
തമിഴ്നാട്ടിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയ്‌ക്കെതിരെ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹസന്‍ രംഗത്ത്. ചില തല്‍‌പരകക്ഷികളുടെ വാക്കുകള്‍ കേട്ട് തമിഴ്‌നാട് സര്‍ക്കാര്‍ താളം തുള്ളുകയാണ്. മനുഷ്യനെ വിഭജിക്കുന്നതിനുവേണ്ടിയാണ് ഈ രഥയാത്രയെന്നും കമല്‍ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

ഈ യാത്രയ്‌ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇതിനെ എതിര്‍ത്ത് സംസാരിച്ചവര്‍ ഇപ്പോള്‍ അറസ്റ്റിലായത് സൂചിപ്പിക്കുന്നത് അതാണ്. ഐക്യത്തിനുവേണ്ടി ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സാഹചര്യമാണുള്ളതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യനെ വിഭജിക്കാനുള്ള രഥയാത്രയ്‌ക്കെതിരായി ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധം കേള്‍ക്കുവാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. യാത്രായുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിരോധനാജ്ഞ മൂലം ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ദുരിതത്തിലയി. ഇത് മനസിലാക്കാനോ പ്രശ്‌ന പരിഹാരത്തിനോ സര്‍ക്കാര്‍ നീക്കം നടത്തുന്നില്ലെന്നും കമല്‍ പറഞ്ഞു.

നേരത്തെ, രഥയാത്രയെ തള്ളിപ്പറഞ്ഞു കൊണ്ട് രജനികാന്ത് രംഗത്തു വന്നിരുന്നു. “മതനിരപേക്ഷ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഈ യാത്രകൊണ്ട് സാമുദായിക ലഹളകളൊന്നും സംഭവിക്കില്ല. സംസ്ഥാനത്തെ കാത്തു സൂക്ഷിക്കാന്‍ പൊലീസിന് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും രജനി വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിലെ ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളമടക്കമുള്ള ആറ് സംസ്ഥനങ്ങാളിലൂടെ കടന്നു പോകുന്ന രഥയാത്രയ്ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായതോടെ 23മത് തിയതിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  

രഥയാത്രയ്‌ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നകിയിരിക്കുന്നതിനാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍