സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് ആഴ്ചകള്‍ക്കു മുമ്പ് മാറ്റിയ അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇത്താനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കലിഖോയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സ് ആയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിയെങ്കിലും സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ കലിഖോ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ തന്നെ താമസിച്ചു വരികയായിരുന്നു.
2015 ഡിസംബര്‍ വരെ കോണ്‍ഗ്രസ് അനുഭാവി ആയിരുന്ന കലിഖോ പുല്‍ വിമതനാകുകയായിരുന്നു. ഭരണപ്രതിസന്ധിയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
വിമതനീക്കത്തെ തുടര്‍ന്ന് കലിഖോ പുല്‍ ഫെബ്രുവരിയില്‍ ബി ജെ പിയുടെ പിന്തുണയോടെ അരുണാചല്‍ മുഖ്യമന്ത്രിയായി.
എന്നാല്‍, ഇത് നിയമപരമായല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി അരുണാചല്‍ പ്രദേശിലെ സര്‍ക്കാരിനെ അയോഗ്യമാക്കി. ഇതിനെ തുടര്‍ന്ന്, നാലു മാസങ്ങള്‍ക്കു ശേഷം കലിഖോയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നു.