ഗള്‍ഫ് രാജ്യങ്ങള്‍ക്കു പിന്നാലെ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയയും. വിദേശത്തുനിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിന് വിസ നല്‍കുന്നത് നിര്‍ത്തലാക്കണമെന്നാണ് ഓസ്‌ട്രേലിയിലെ ആരോഗ്യമേഖലയുടെ ആവശ്യം. വിസ നല്‍കുന്നതിനുള്ള സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്ന് 41 തൊഴില്‍മേഖലകള്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ ദ ഓസ്‌ട്രേലിയന്‍ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്.
വിദേശത്തു നിന്ന് ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിനു പകരം, ഓസ്‌ട്രേലിയയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കണമെന്നാണ് ആവശ്യം. സ്‌കില്‍ഡ് ഒക്യുപേഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന ജോലികളില്‍, ജി പി, സര്‍ജന്‍, അനസ്‌തേഷ്യാ വിദഗ്ധന്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.
കുടിയേറ്റ വകുപ്പിന്റെ കണക്കനുസരിച്ച്, ഇക്കഴിഞ്ഞ മാര്‍ച്ച് മാസം വരെയുള്ള ഒരു വര്‍ഷത്തില്‍ 2155 ജനറല്‍ പ്രാക്ടീഷണര്‍മാരും 1562 റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍മാരും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം തന്നെ ഈ ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. പക്ഷേ വീണ്ടും അധികാരത്തിലെത്തിയ മാല്‍ക്കം ടേണ്‍ബുള്‍ സര്‍ക്കാര്‍ ഈ ശുപാര്‍ശ പരിഗണിച്ചേക്കും എന്നാണ് ദ ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.