''ഖാദി കലണ്ടറിൽ കയറിയിരുന്ന് ചർക്ക തിരിച്ചത് കൊണ്ട് ഖാദി വ്യവസായം രക്ഷപെടില്ല'' - ജോയ് മാത്യു

Webdunia
തിങ്കള്‍, 16 ജനുവരി 2017 (15:51 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ ജോയ് മാത്യു. ഖാദി കലണ്ടറിൽ കയറിയിരുന്നു ചർക്ക തിരിച്ചത്‌ കൊണ്ടോ വെള്ള ഖദർ മുണ്ടും ഷർട്ടും ധരിച്ചതുകൊണ്ടോ ഖാദി വ്യവസായം രക്ഷപ്പെടില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
 
ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ (KVIC) 2017 ലെ കലണ്ടറിലും ഡയറിയിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ മാറ്റി നരേന്ദ്ര മോദിയുടെ ചിത്രം ഇടം പിടിച്ചത് വിവാദമായിരുന്നു. ഗാന്ധിജിയെപ്പോലെ ചർക്ക തിരിക്കുന്ന മോദിയെയാണ് കവർ ഫോട്ടോ ആയി കൊടുത്തിട്ടുള്ളത്. 
 
ഗാന്ധിജി തന്റെ ലളിതമായ വസ്ത്രത്തിൽ ചർക്ക തിരിക്കുന്ന ചിത്രം തലമുറകളായി ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ്. ആ സ്ഥാനത്താണ് തന്റെ ട്രേഡ് മാർക്ക് വേഷം ആയ കുർത്ത-പൈജാമ-കോട്ട് അണിഞ്ഞ മോദിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഖാദിയുടെ കലണ്ടറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വന്നത് മുതല്‍ അതിശക്തമായ വിമര്‍ശനമാണ് നരേന്ദ്രമോദിയും  ബിജെപിയും നേരിടുന്നത്. 
 
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഖാദി കലണ്ടറിൽ കയറിയിരുന്നു ചർക്ക തിരിച്ചത്‌ കൊണ്ടോ വെള്ള ഖദർ മുണ്ടും ഷർട്ടും (അത്‌ കീറിയതും പിഞ്ഞിയതുമാണെങ്കിലും അലക്കിതേച്ച്‌ തൊട്ടാൽ മുറിയുന്ന പരുവത്തിൽ ധരിക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്‌)
ധരിച്ചതുകൊണ്ടോ ഖാദി വ്യവസായം രക്ഷപ്പെടില്ല.
 
എന്നാൽ ഇൻഡ്യയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും അവരുടെ സമ്മേളങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന കൊടികളും ബാനറുകളും ഖാദിത്തുണിയാണെങ്കിൽ ഖാദി വ്യവസായവും അതിനെ ആശ്രയിച്ച്‌ കഴിയുന്ന നിരവധി കുടുംബങ്ങളും രക്ഷപ്പെട്ടേനെ. ഇങ്ങിനെയൊക്കെയല്ലേ നാം സ്വദേശ വ്യവസായത്തെ സഹായിക്കേണ്ടത്.
Next Article