അടുത്ത രണ്ട് വർഷത്തിനുള്ളിൽ തുറമുഖ , റോഡ് , ഗതാഗത മേഖലകളിൽ ഇരുപത്തഞ്ച് ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാനുള്ള പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് മൂന്നര ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഈ മേഖലയില്‍ മുടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. അയ്യായിരം കിലോമീറ്റർ നീളമുള്ള ഭാരത് മാല , 1100 കിലോമീറ്ററിന്റെ ചതുർധാം തുടങ്ങിയവ പദ്ധതികളിൽ പെടുന്ന പ്രഖ്യാപനങ്ങളാണ്.
അടുത്ത ആറുമാസത്തിനുള്ളിൽ ദേശീയ പാതകളുടെ വികസനങ്ങളുടെ ഗതിവേഗം കൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദന സൂചികയിൽ രണ്ട് ശതമാനത്തോളം വർദ്ധനവാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത് .അടുത്ത ആറുമാസത്തിനുള്ളിൽ ഈ ലക്ഷ്യം നേടാൻ കഴിയുമെന്നാണ് കരുതുന്നതെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷം റോഡ് വികസന പദ്ധതികൾക്ക് ഗതിവേഗമാർജ്ജിക്കാൻ കഴിഞ്ഞിട്ടുണ്ട്. യു പി എ സർക്കാരിന്റെ കാലത്ത് ദിവസം മൂന്ന് കിലോമീറ്റർ എന്ന തോതിൽ നടന്നിരുന്ന റോഡ് നിർമ്മാണം ഇപ്പോൾ ദിവസം 13 കിലോമീറ്റർ എന്ന തോതിലായി . അടുത്ത രണ്ടു വർഷത്തിനുള്ളിൽ ദിവസം മുപ്പത് കിലോമീറ്റർ റോഡ് നിർമ്മാണമാണ് താൻ ലക്ഷ്യമിട്ടിട്ടുള്ളതെന്നും ഗഡ്കരി വ്യക്തമാക്കി.