ജിതേന്ദ്ര തോമറിന്റെ നിയമ ബിരുദം വ്യാജമല്ലെന്ന് തെളിഞ്ഞു, കേസില്‍ വഴിത്തിരിവ്

Webdunia
ശനി, 13 ജൂണ്‍ 2015 (13:46 IST)
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ ദില്ലി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തോമറിന്റെ കേസില്‍ നിര്‍മ്മ്ണായകമായ വഴിത്തിരിവ്. തോമറിന്റെ നിയമ ബിരുദം വ്യാജമല്ലെന്നും അദ്ദേഹം ശരിക്കും നിയമ ബിരുദം നേടിയതായും തെളിഞ്ഞു എന്നാണ് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ ഒരു കോളജില്‍നിന്ന് 1998-99 കാലത്ത് തോമര്‍ നിയമബിരുദം നേടിയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

 മുന്‍ഗേരിയിലെ ബിശ്വനാഥ് ലോ കോളജ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.  തെളിവെടുപ്പിനായി തോമറിനെ പൊലീസ് ഈ കോളജില്‍ കൊണ്ടു വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 1994-95 കാലയളവിലാണ് തോമര്‍ ചേര്‍ന്നതെന്ന് ചെയ്തതെന്ന് രേഖകളില്‍ വ്യക്തമായി. 10136 എന്നതായിരുന്നു നമ്പര്‍. 1994-95, 1995-96 കാലയളവുകളില്‍ തോമര്‍ പരീക്ഷ എഴുതിയതായും തെളിഞ്ഞു. എന്നാല്‍, അടുത്ത വര്‍ഷം തോമര്‍ പരീക്ഷ എഴുതിയില്ല. മുന്‍ പരീക്ഷ തോറ്റതാണ് കാരണം. പക്ഷേ, 1998-99 കാലത്ത് തോമര്‍ പരീക്ഷ എഴുതുകയും നിയമ ബിരുദം നേടുകയും ചെയ്തതായാണ് രേഖകളെന്ന് കോളജ് അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

49കാരനായ തോമറിനെ നേരത്തെ കെ.എസ് സാകേത് പി.ജി കോളജിലും ആര്‍.എം.എല്‍ അവധ് സര്‍വകാലാശാലയിലും തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. ഇവിടെ നിന്ന് ബി.എസ്.സി ബിരുദം നേടിയതായാണ് തോമര്‍ പറഞ്ഞിരുന്നത്. എന്നാല്‍, അവിടെ എത്തിയപ്പോള്‍ താന്‍ പഠിച്ച ക്ലാസ് മുറിയേതെന്ന് പറഞ്ഞുകൊടുക്കാന്‍ പോലും തോമറിന് കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ബിരുദം നേടി എന്നുള്ളത് സത്യമണെങ്കിലും കോളജില്‍ ചേരുന്ന സമയത്ത് തോമര്‍ നല്‍കിയ പ്രാദേശിക മേല്‍വിലാസം തെറ്റായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അഗ്രഹാന്‍ ഗ്രാമത്തിന്റെ വിലാസമാണ് തോമര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഗ്രാമവാസികള്‍ ആരും തോമര്‍ അവിടെ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞില്ല. ഇത് ദുരൂഹത ഉണര്‍ത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.