അമ്മ ഇനി മനസുകളില്‍; ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ചു

ചൊവ്വ, 6 ഡിസം‌ബര്‍ 2016 (17:49 IST)
പുരട്ചി തലൈവി അമ്മ ഇനി ജനമനസുകളില്‍, തമിഴ്‌മക്കളെ കണ്ണീരിലാഴ്‌ത്തി കൊണ്ട് ജെ ജയലളിതയുടെ മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ മറീന ബീച്ചിലെ എംജിആറിന്റെയും അണ്ണാ ദുരൈയുടെയും സ്‌മൃതിമണ്ഡപത്തോട് ചേർന്നാണ് അമ്മയ്‌ക്ക് അന്ത്യവിശ്രമമൊരുക്കിയത്.

4.20 ഓടെ വിലാപയാത്ര രാജാജി ഹാളില്‍ നിന്ന് ആരംഭിച്ച് 5.40തോടെ മറീന ബീച്ചില്‍ എത്തിച്ചേരുന്നു. എല്ലാ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം വിട്ടു നല്‍കി. സംസ്കാര ചടങ്ങുകൾക്ക് തോഴി ശശികലയാണ് നേതൃത്വം നൽകിയത്. പരമ്പരാഗത മതാചാര പ്രകാരമായിരുന്നില്ല സംസ്കാര ചടങ്ങുകൾ. അന്ത്യകർമമായി ശശികല മൃതദേഹത്തിൽ പുഷ്പവൃഷ്ടി നടത്തുക മാത്രമാണ് ചെയ്തത്. പിന്നീട് മൃതദേഹം ചന്ദനപ്പേടകത്തിൽ അടക്കം ചെയ്ത് മെറീന ബീച്ചിലെ എംജിആർ സ്മാരകത്തിനു സമീപം 6.5ഓടെ മറവുചെയ്തു.

തമിഴ് ജനത നെഞ്ചോടു ചേർത്ത ‘അമ്മ’യുടെ വിലാപയാത്ര അതിവൈകാരികമായിരുന്നു. പതിനായിരക്കണക്കിനാളുകളാണ് കണ്ണീരണിഞ്ഞ് വിലാപയാത്രയില്‍ പങ്കെടുത്തത്. വഴിയോരങ്ങളില്‍ തടിച്ചു കൂടിയവര്‍ പുഷ്‌പ വൃഷ്‌ടി നടത്തിയും അമ്മയ്‌ക്ക് യാത്ര നല്‍കി. അലമുറിയിട്ടും, നെഞ്ചത്തടിച്ചും നൂറ് കണിക്കിന് സ്‌ത്രീകളാണ് അണ്ണാ സ്‌ക്വയറിലേക്ക് ഒഴുകിയെത്തിയത്.

അമ്മയെ നഷ്ടപ്പെട്ട അനുയായികളുടെ വൈകാരിക പ്രതികരണങ്ങളായിരുന്നു രാജാജി ഹാളിലും പരിസരത്തുമൊക്കെ കണ്ടിരുന്നതെങ്കിലും അവസാന നിമിഷങ്ങളില്‍ പ്രവര്‍ത്തകരും ജനങ്ങളും വേദന ഉള്ളിലൊതുക്കി സംയമനം പാലിച്ചു.

രാജാജി ഹാള്‍ മുതല്‍ മറീനവരെ മൃതദേഹം വിലാപ യാത്രയായിട്ടാണ് കൊണ്ടു പോയത്. ഒരു കിലോമീറ്റർ ദൂരം ഒരു മണിക്കൂറോളമെടുത്താണ് അണ്ണാ സ്ക്വയറിൽ എത്തിയത്. വിലാപയാത്രയ്‌ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ നേതാക്കള്‍ക്കൊപ്പം കേന്ദ്ര നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ജയലളിതയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

വെബ്ദുനിയ വായിക്കുക