പൊതുദര്‍ശനം അവസാനിക്കാന്‍ മണിക്കുറുകള്‍ മാത്രം; പൊലീസിന് വീണ്ടും ആശങ്ക - സുരക്ഷാക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്നു!

ചൊവ്വ, 6 ഡിസം‌ബര്‍ 2016 (15:03 IST)
തമിഴകമൊന്നാകെ ചെന്നൈയിലെ രാജാജി ഹാളിലേക്ക് എത്തുന്നതോടെ ആശങ്കകളും ഉടലെടുക്കുന്നു. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലുള്ള ഹാളിന് പുറത്തും നഗരത്തിലുമായി തടിച്ചു കൂടിയിരിക്കുന്നവര്‍ക്കെല്ലാം ജയലളിതയെ അവസാനമായി ഒരു നോക്ക് കാണാന്‍ സാധിക്കില്ല.

വൈകിട്ട് 4.30ഓടെ മൃതദേഹം സംസ്‌കാര ചടങ്ങിനായി ചെന്നൈ മറീന ബീച്ചിലേക്ക് കൊണ്ടു പോകാനാണ് തീരുമാനമെങ്കിലും ഇത് വൈകാന്‍ സാധ്യതയാണ്. കൃത്യസമയത്ത് പൊതുദര്‍ശനം അവസാനിപ്പിച്ചാലും രാജാജി ഹാളില്‍ നിന്ന് അണ്ണാ സ്‌ക്വയറിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകും. ആയിരക്കണക്കിനാളുകളാണ് ട്രിപ്പ്‌ളിക്കന്‍ മുതല്‍ മറീനവരെ കാത്തു നില്‍ക്കുന്നത്.

തിങ്കളാഴ്‌ച രാത്രി ജയയുടെ മൃതശരീരം അപ്പോളോ ആശുപത്രിയില്‍ നിന്ന് പോയസ് ഗാര്‍ഡനില്‍ വരെ എത്തിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടിരുന്നു. വഴിനീളെ ബാരിക്കേഡുകള്‍ വച്ച് ജനങ്ങളെ തടഞ്ഞു നിര്‍ത്തിയശേഷം വഴിയൊരുക്കുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ആംബുലന്‍‌സിന് 15 മിനിറ്റിന് മുകളില്‍ വേണ്ടിവന്നു. ബരിക്കേഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ പൊലീസുമായി ചെറിയ തോതില്‍ ഏറ്റുമുട്ടുകയും ചെയ്‌തു.

തിങ്കളാഴ്‌ച രാത്രിയില്‍ നഗരത്തില്‍ ഉണ്ടായിരുന്നതിന്റെ പത്തിരട്ടി ആളുകളാണ് ഇന്ന് എത്തി ചെര്‍ന്നിരിക്കുന്നത്. ചെന്നൈയ്‌ക്ക് പുറത്തു നിന്ന് നൂറ് കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അമ്മയെ കാണാന്‍ സാധിക്കാത്തവര്‍ നിരാശയിലുമാണ്. ഈ സാഹചര്യത്തില്‍ മൃതദേഹവും വഹിച്ചു കൊണ്ട് മറീനയിലേക്കുള്ള യാത്ര പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ആംബുലന്‍‌സിന് അടുത്തേക്ക് ആളുകള്‍ ഓടിയെത്താനും മറ്റ് വാഹനങ്ങളില്‍ കയറാനും സാധ്യതയുണ്ട്.

നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ രാജാജിഭവന്‍ മുതല്‍ മറീനവരെ അണി നിരത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ജനങ്ങളുമായി യാതൊരു തരത്തിലുള്ള സംഘര്‍ഷത്തിനും മുതിരരെരുതെന്നും സംയമനം പാലിക്കണമെന്നും കടുത്ത നിര്‍ദേശം ഡിജിപി നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക