ജയലളിതയുടെ അപ്പീലില്‍ വിധി ഇന്ന്; കർണാടകയിൽ വൻ സുരക്ഷാ സന്നാഹം

തിങ്കള്‍, 11 മെയ് 2015 (07:47 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്നു വിധി പറയാനിരിക്കെ കർണാടകയിൽ വൻ സുരക്ഷാ സന്നാഹം. ഇന്നു രാവിലെ 11 മണിയോടെയാണ് പ്രത്യേക ജഡ്ജി ജസ്റ്റിസ് സിആർ കുമാരസ്വാമി വിധി പ്രസ്താവിക്കുക. വിധി പറയുന്ന സാഹചര്യം കണക്കിലെടുത്ത് കോടതിയുടെ പരിസരത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുര്‍ത്തിയിരിക്കുന്നത്.

അനധികൃത സ്വത്തു സമ്പാദനത്തിനു പ്രതിചേര്‍ത്ത കോടതിവിധി ചോദ്യംചെയ്‌താണ് ജയലളിത അപ്പീല്‍ സമര്‍പ്പിച്ചത്. 18 വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27നാണു ജയലളിത, തോഴി ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹ നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റുള്ളവര്‍ക്കു പത്തു കോടി രൂപ വീതവും പിഴയും വിധിച്ചിരുന്നു. ഉത്തരവ് മേയ് 12നു മുമ്പ് പുറപ്പെടുവിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ജയലളിതാ അനുഭാവികളുടെ വരവ് അനിയന്ത്രിതമായാൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള അഡീഷനൽ കമ്മിഷണർ ബി.അലോക് കുമാർ പറഞ്ഞു. ആയിരക്കണക്കിന് പൊലീസിനെയാണ് നഗരത്തില്‍ വിന്യസിക്കുക. ഉച്ചത്തില്‍ പാട്ട് വെക്കുന്നതിനും, ജാഥ നടത്തുന്നതുനും വിലക്ക് ഉണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ഏത് തരത്തിലുള്ള പ്രകടനത്തെയും കോടതിയുടെ വളരെ അകലെവെച്ച് തന്നെ തടയാനാണ് അധികൃതരുടെ തീരുമാനം. കോടതിയുടെ പരിസരത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വിധി പ്രസ്താവിക്കുന്ന അന്നുമുതല്‍ പത്തുവര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യയാക്കപ്പെടും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക