ജയലളിതക്കെതിരായ പരാമര്‍ശം: തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തം,ഇന്ത്യ പ്രതിഷേധമറിയിക്കും

തിങ്കള്‍, 4 ഓഗസ്റ്റ് 2014 (14:20 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായി. മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയക്കുന്ന കത്തുകള്‍ പ്രണയ ലേഖനങ്ങളാണെന്ന് പറയുന്ന ലേഖനം കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ പ്രതിരോധ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു

ഇതാണ് തമിഴ്നാട്ടീല്‍ പ്രതിഷേധം കനക്കാന്‍ കാരണം. ജയലളിത മോഡിയെ ആലോചിച്ചിരുന്നു കത്തെഴുതുന്ന തരത്തിലുള്ള ചിത്രവും ലേഖനത്തിനൊപ്പം നല്‍കിയിരുന്നു. തമിഴ്നാട്ടില്‍ അണ്ണാ ഡി‌എം‌കെ പ്രവര്‍ത്തകരും തീവ്ര തമിഴ് അനുകൂല സംഘടനകളുമാണ് പ്രതിഷേധങ്ങള്‍ നടത്തുന്നത്.

സംഭവം വിവാദമായതോടെ ലേഖനം പിന്‍‌വലിച്ച ശ്രീലങ്ക മാപ്പ് ചോദിച്ചു എങ്കിലും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍, ലേഖനം പ്രേഷകര്‍ക്കായുള്ള അഭിപ്രായം പങ്കുവയ്ക്കാമെന്ന പംക്തിയിലാണ് വന്നതെന്നും ഇതുമായി സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും ശ്രീലങ്ക അറിയിച്ചിരുന്നു.

സംഭവത്തില്‍ ലോക്സഭയിലും രാജ്യസഭയിലും ഇതിനെതിരായ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ലേഖനം വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. അണ്ണാ ഡി‌എംകെ യുടെ പ്രതിഷേധത്തേ തുടര്‍ന്ന് ശ്രീലങ്കയെ ഇന്ത്യ പ്രതിഷേധമറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയേ അറിയിച്ചു.

ശ്രീലങ്കന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാകും പ്രതിഷേധം അറിയിക്കുന്നത്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നുവെന്നും സുഷമ സ്വരാജ് അറിയിച്ചു. ശ്രീലങ്കന്‍ വെബ്സൈറ്റില്‍ വന്ന ജയലളിതയേയും മോദിയയേയും അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനത്തെ കുറിച്ച് ആദ്യമായാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം.

വെബ്ദുനിയ വായിക്കുക