നേതാജി മരിച്ചത് വിമാനാപകടത്തിൽ; ജാപ്പനീസ് സര്‍ക്കാരിന്റെ രേഖകൾ പുറത്ത്

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (08:29 IST)
നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലെന്നു വ്യക്തമാക്കുന്ന ജാപ്പനീസ് സർക്കാരിന്റെ രേഖകൾ പുറത്ത്. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സർക്കാർ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് പുറത്തുവന്നത്. തായ്വാനില്‍ 1945 ആഗസ്ത് 18ന് ഉണ്ടായ വിമാനാപകടത്തിലാണ് സുഭാഷ് ചന്ദ്രബോസ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
1956 ജനുവരിയിലാണ് തിരോധാനത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൂർത്തിയായത്. ഇതു ടോക്കിയോയിലെ ഇന്ത്യൻ എംബസിക്കു ജാപ്പനീസ് സർക്കാർ നൽകിയതായും 'ബോസ്ഫയല്‍സ് ഡോട്ട് ഇന്‍ഫോ' എന്ന വെബ്സൈറ്റ് പറയുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങിയതിനാലാണ് റിപ്പോർട്ട് ഇന്ത്യൻ സർക്കാർ പുറത്തുവിടാതിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
 
വിമാനാപകടത്തിൽ നേതാജിക്കു ഗുരുതര പരുക്കേറ്റിരുന്നു. തുടര്‍ന്ന് വൈകീട്ട് മൂന്നിന് നേതാജിയെ തായ്പെയിലെ സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരണം സംഭവിച്ചത്. ആഗസ്റ്റ് 22ന് തായ്പെയിലുള്ള മുൻസിപ്പിൽ ശ്മശാനത്തിലാണ് നേതാജിയുടെ മൃതദേഹം സംസ്കരിച്ചെന്നും വെബ്‌സൈറ്റിലെ രേഖകൾ വെളിപ്പെടുത്തുന്നു.
Next Article