മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ നടക്കേണ്ടിയിരുന്ന ജനതാ പരിവാര്‍ പാര്‍ട്ടികളുടെ നേതൃയോഗം ആശയക്കുഴപ്പം മൂലം മാറ്റിവച്ചു. എന്നാല്‍ എന്തുകൊണ്ടാണ് യോഗന്‍ മാറ്റിവച്ചതെന്ന് കൃത്യമായ വിശദീകരണം നല്‍കാന്‍ നേതാക്കള്‍ക്ക് സാധിക്കാത്തത് മറ്റുള്ളവരില്‍ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പു പ്രഖ്യാപിച്ച യോഗം മാറ്റിവച്ചെന്ന അറിയിപ്പുണ്ടാകാതിരുന്നതും ആശയക്കുഴപ്പത്തിനു വഴിവച്ചു.
ആര്‍ജെഡി യോഗം പട്നയില്‍ നടക്കുന്നതുകൊണ്ടു യോഗം മാറ്റുകയായിരുന്നെന്നു പിന്നീടു വിശദീകരണമുണ്ടായി. മാറ്റിവച്ച യോഗം വൈകാതെ നടക്കുമെന്നു സൂചനയുണ്ട്. അതേസമയം, ജനതാ പരിവാര്‍ കക്ഷികളുടെ ലയനതീരുമാനത്തിനു പട്നയില്‍ നടന്ന ആര്‍ജെഡി ദേശീയ നിര്‍വാഹക സമിതി അംഗീകാരം നല്‍കി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു തീരുമാനം.
പുതിയ പാര്‍ട്ടിയുടെ പേര്, പതാക എന്നിവയും മുലായം പ്രഖ്യാപിക്കുമെന്നും ആര്‍ജെഡിയിലെ സാധാരണ പ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ ഒട്ടും ഹനിക്കാതെയാവും ലയനമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ പിടിച്ചടക്കാനുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മോഹം നടക്കില്ല. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമാവും ജനതാ പരിവാര്‍ ലയനമെന്നും ലാലു വ്യക്തമാക്കി.