ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്രമോഡിയുടെ നേതൃത്ത്വത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ അഞ്ച് ജനതാദള്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. പരസ്പരം ലയിച്ച് ഒറ്റപാര്‍ട്ടിയാകാനാണ് അഞ്ചുകൂട്ടരും തീരുമാനിച്ചത്. സമാജ്‍വാദി പാര്‍ട്ടി, ആര്‍ജെഡി, ജെഡിയു, ജെഡിഎസ്, ഐഎന്‍എല്‍ഡി പാര്‍ട്ടികളാണ് ലയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സമാജ്‍വാദി ജനതാദള്‍ എന്നാകും പുതിയ പാര്‍ട്ടിയുടെ പേര്.
ഇന്ന് ഡല്‍ഹിയില്‍ അഞ്ച് പാര്‍ട്ടിയുടേയും നേതാക്കളുടെ യോഗത്തില്‍ ഒറ്റ പാര്‍ട്ടിയാകാനുള്ള പ്രമേയം അവതരിപ്പിക്കും. ലയനത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമുണ്ടാകും. മുലായം സിംഗ് യാദവായിരിക്കും പുതിയ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍. മറ്റ് നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ഉയര്‍ന്ന ചുമതലകള്‍ നല്‍കും. ലയനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും പുതിയ പാര്‍ട്ടി പദ്ധതി തയ്യാറാക്കുന്നുണ്ട്. മുലായം സിംഗ് യാദവ്, ലാലുപ്രസാദ് യാദവ്, നിതീഷ് കുമാര്‍ള്‍, ദേവഗൗഡ, ഓം പ്രകാശ് ചൗട്ടാല തുടങ്ങിയ പ്രാദേശിക നേതാക്കളാണ് കൈകോര്‍ക്കാന്‍ പോകുന്നത്.
ലയനം നടന്നുകഴിയുന്നതോടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ പാര്‍ട്ടിയായി സമാജ്‌വാദി ജനതാദള്‍ മാറും മോഡി സര്‍ക്കാരിന് തലവേദന കൂട്ടാന്‍ ഇത് കാരണമാകുമെന്നതില്‍ സംശയമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി മികച്ച വിജയം നേടിയ സാഹചര്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ജനതാപരിവാറിലെ പഴയ ശത്രുക്കള്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ആദ്യപടിയായി ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും ഒന്നിച്ച് നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നോട്ട് തള്ളിയിരുന്നു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇപ്പോഴത്തെ ലയനനീക്കം.
കേരളത്തില്‍ യുഡിഎഫ് സഖ്യകക്ഷിയായ വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദള്‍ നിതീഷ്കുമാറിന്റെ ജെഡിയുവില്‍ ലയിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ജനതാപരിവാര്‍ ഒന്നിക്കുന്നത്. നേരത്തെ ജെഡിഎസിന്റെ ഭാഗമായിരുന്നു വീരേന്ദ്രകുമാര്‍. സീറ്റുതര്‍ക്കത്തേ തുടര്‍ന്നാണ് ഇടതുമുന്നണിയില്‍ നിന്ന് വീരേന്ദ്രകുമാര്‍ പുറത്ത് പോകുന്നതും തുടര്‍ന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കി യുഡിഎഫില്‍ ചേരുന്നതും.
ജനതാ ലയനത്തില്‍ പഴയ ശത്രുക്കളായ ജെഡിഎസ് ലയിക്കുന്നുള്ളതിനാല്‍ കേരളത്തിലെ ഇടതുമുന്നണിയിലുള്ള ജെഡിഎസും യുഡിഎഫിലുള്ള എസ്‌ജെഡിയും സാങ്കേതികമായി ഒരു പാര്‍ട്ടിയായി തീരും. ഇത് കേരളത്തില്‍ പുതിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാകും.