ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥ - വിശദമായ അന്വേഷണത്തിന് ഉത്തരവ്

Webdunia
ശനി, 28 ജനുവരി 2017 (13:46 IST)
ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ ലൈംഗികമായി ആക്രമിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. ചെന്നൈയിൽ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയ ഐസ് ഹൗസ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ എം ദുര്‍ഗാദേവിയാണ് തെളിവെടുപ്പിനിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിവരം വ്യക്തമാക്കിയത്.

200ഓളം വരുന്ന പ്രതിഷേധക്കാര്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി എത്തിയപ്പോള്‍ സഹപ്രവർത്തകർക്കൊപ്പം താനും സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്നു. ഇരച്ചെത്തിയ സംഘം ആദ്യം സ്റ്റേഷന് നേരെ കല്ലെറിഞ്ഞു. കല്ലേറുകൊണ്ടു താഴെവീണപ്പോള്‍ പ്രതികാര ബുദ്ധിയോടെയാണ് യുവാക്കള്‍ പെരുമാറി. ദേഹത്ത് തൊടാനും അപമാനിക്കാനും അവര്‍ ശ്രമിച്ചുവെന്നും ദുർഗ പറയുന്നു.

സഹപ്രവര്‍ത്തകര്‍ എത്തിയാണ് പ്രതിഷേധക്കാരില്‍ നിന്ന് തന്നെ രക്ഷിച്ചത്. ആക്രമണം രൂക്ഷമായപ്പോൾ കണ്‍ട്രോൾ റൂമിൽ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും ഒരുസംഘം തന്നെ തടഞ്ഞുവച്ചു. ഇതിനിടെ ആക്രമണങ്ങളിലും തോളിനും പരുക്കേറ്റുവെന്ന് ദുര്‍ഗ മൊഴി നൽകി.

സ്റ്റേഷന്‍ പെട്രോള്‍ അഴിച്ച് കത്തിക്കാനുള്ള യുവാക്കളുടെ ശ്രമത്തിനിടെ ചില പൊലീസുകാര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ദുര്‍ഗ പറയുന്നു. ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് കമ്മീഷണർ എസ് ജോർജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Next Article