അൻപതാം തവണയും പിഎസ്എൽവിക്ക് വിജയക്കുതിപ്പ്; ചരിത്രനേട്ടം സ്വന്തമാക്കി ഇസ്രോ !

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2019 (17:10 IST)
അൻപതാം തവണ വിജയകരമായി ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആർഒയുടെ പിഎസ്എൽവി ലോഞ്ച് വെഹിക്കിൾ. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബിആര്‍1നെയും വിവിധ വിദേശ രാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പിഎസ്‌എല്‍വിയുടെ ക്യുഎല്‍ പതിപ്പ് ഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിയത്. 
 
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം. 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബിആര്‍1. അഞ്ചുവര്‍ഷം ഈ ഉപഗ്രഹത്തിന് കാലാവധിയുണ്ട്. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങൾ നൽകുക. വാനനിരീക്ഷണം എന്നിങ്ങനെ വിവിദോദ്ദേശ ഉപഗ്രഹമാണ് റിസാറ്റ്-2 ബിആര്‍1. 
 
ഭൗമോപരിതലത്തില്‍നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കുന്ന ചുമതലയായിരുന്നു പിഎസ്‌എല്‍വിക്ക്. ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ പിഎസ്‌എല്‍വി വഹിക്കുന്നുണ്ട്. 21 മിനിറ്റും 19.5 സെക്കന്റുമെടുത്താണ് ഉപഗ്രഹങ്ങളെ പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ഇതുവരെയായി ഇന്ത്യയുടെ 40ഉം വിദേശ രാജ്യങ്ങളുടെ 110ഉം ഉപഗ്രഹങ്ങള്‍ പിഎസ്‌എല്‍വി ബഹിരാകാശത്ത് എത്തിച്ചു. 1993ലെ ആദ്യ ദൗത്യവും 2017 ലെ 41ആം ദൗത്യവും പരാജയമായിരുന്നു‍.

അനുബന്ധ വാര്‍ത്തകള്‍

Next Article