ചാന്ദ്രയാൻ- 2 ദൗത്യത്തിന്റെ പ്രധാന പേടകമായ ഓർബിറ്ററിൽ നിന്നും ബംഗളൂരുവിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്നും തുടർച്ചയായി നൽകുന്ന സന്ദേശങ്ങളോട് ഇതുവരെയും ലാൻഡർ പ്രതികരിച്ചിട്ടില്ല. അവസാനമായി നാളെയും ശനിയാഴ്ച പുലർച്ചെയും അവസാനമായി സന്ദേശങ്ങൾ നൽകും. ഇതിനുശേഷം ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഐഎസ്ആർഒ നൽകുന്ന സൂചന. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ ശനിയാഴ്ച അവസാനിക്കും. സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ ലാൻഡറിലെ സൗരോർജ പാനലിന്‍റെ പ്രവർത്തനം നിലയ്ക്കും.
ദക്ഷിണധ്രുവത്തിൽ പതുക്കെ ഇറങ്ങാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ഏഴിനാണ് വിക്രം അപ്രതീക്ഷിതമായി നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയതാണ് ചന്ദ്രയാൻ-2 ദൌത്യത്തിന് തിരിച്ചടിയായത്. ചാന്ദ്രപ്രതലത്തിന് 2.1 കിലോമീറ്റർ മുകളിൽ ഭൂമിയുമായുള്ള ലാൻഡറിന്റെ ബന്ധം നഷ്ടപ്പെട്ടിരുന്നു. ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തിന് 30 മീറ്റർ അകലെയായി വീണുകിടക്കുന്ന നിലയിൽ ലാൻഡറിനെ ചാന്ദ്രയാൻ- 2 ന്റെ ഓർബിറ്റർ കണ്ടെത്തിയിരുന്നു.