ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യയിലേക്ക്, കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി
തിങ്കള്‍, 24 നവംബര്‍ 2014 (12:47 IST)
ഇസ്ലാം മത വിശ്വാസപ്രകാരമുള്‍ല ശരിയാ ബാങ്കിംഗിലേക്ക് ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടക്കുന്നു. യുപിഎ സര്‍ക്കാറിന്റെ കാലത്ത് പി ചിദംബരം തുടക്കമിട്ട ശരിഅ ബാങ്കിംഗിന് ബിജെപി സര്‍ക്കാറും അനുമതി നല്‍കിയതോടെ എസ്‌ബിഐ ശരീഅ ഇക്വിറ്റി ഫണ്ട് സമാഹരിക്കാന്‍ നടപടികള്‍ തുടങ്ങി. പലിശ രഹിത ബാങ്കിംഗ് എന്ന ശരിഅ വിശ്വാസപ്രകാരം പ്രവര്‍ത്തിക്കുക എന്നതാണ് ശരിഅ ബാങ്കിംഗിന്റെ പ്രത്യേകത.
ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബര്‍ ഒന്നിനാണ് ആദ്യമായി എസ്ബിഐ ഒരു ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയാണ് എസ്ബിഐയുടെ ചുവടുവെപ്പ്.
ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഇക്വിറ്റി ഫണ്ട് ഡിസംബര്‍ 15ന് ക്‌ളോസ് ചെയ്യും. തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം സ്വീകരിച്ചുതുടങ്ങുമെന്ന് എസ്.ബി.ഐ അറിയിച്ചു. ശരിഅ ബാങ്കിംഗിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ മുസ്ലിം നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. എസ്‌ബിഐയുടെ തീരുമാനത്തോടെ ഇന്ത്യ ഔദ്യോഗികമായി പലിശരഹിത ഇസ്ലാമിക് ഫിനാന്‍സിലേക്ക് കടന്നു.
പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സമാഹരിച്ച് ഓഹരി വിപണിയിലിറക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിച്ച എസ്.ബി.ഐ ഫണ്ട് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുക. സമാഹരിക്കുന്ന നിക്ഷേപം ഇന്ത്യന്‍ ശരീഅ ബോര്‍ഡിന്റെ അംഗീകാരമുള്ള കമ്പനികളിലായിരിക്കും നിക്ഷേപിക്കുക. ഏത് കമ്പനിയാണ് ശരീഅ നിയമങ്ങള്‍ക്ക് അനുസൃതമായി നിക്ഷേപിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്താന്‍ ഇസ്ലാമിക പണ്ഡിതര്‍ അടങ്ങുന്ന ശരീഅ ബോര്‍ഡ് ഫത്വ പുറപ്പെടുവിക്കും. നിക്ഷേപങ്ങള്‍ ശരീഅ നിയമങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അവലംബിക്കും.
അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറിയും ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറലുമായ മൗലാന ഖാലിഖ് സൈഫുല്ലാ റഹ്മാനി, ബംഗളൂരുവിലെ ജാമിഅ ഇസ്ലാമിയ മസീഹുല്‍ ഉലൂം റെക്ടര്‍ മുഫ്തി മുഹമ്മദ് ശുഐബുല്ലാ ഖാന്‍ എന്നിവരാണ് നിലവില്‍ ഇന്ത്യന്‍ ശരീഅ ബോര്‍ഡിന്റെ ഫത്വ നല്‍കുക. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ശരീഅ അടിസ്ഥാനമാക്കി നിക്ഷേപമിറക്കുന്നവര്‍ക്ക് മാത്രമല്ല, സാമൂഹിക തിന്മകളില്ലാത്ത നിക്ഷേപങ്ങളില്‍ പണമിറക്കാന്‍ ആഗ്രഹിക്കുന്ന മറ്റു ദീര്‍ഘകാല നിക്ഷേപകര്‍ക്കും അനുയോജ്യമാണ് ശരീഅ ഇക്വിറ്റി ഫണ്ട് എന്ന് എസ്ബിഐ വ്യക്തമാക്കി. ഈ നിക്ഷേപം ഹൈ റിസ്‌ക് ഗണത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണ മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തിലെന്ന പോലെ നിക്ഷേപകര്‍ തങ്ങളുടെ ധനകാര്യ ഉപദേശകരുമായി കൂടിയാലോചിച്ചാണ് നിക്ഷേപം ഇറക്കേണ്ടതെന്നും എസ്.ബി.ഐ ഉപദേശിച്ചു.