ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും അനുയായികളേയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഭാഷകളില്‍ ഐഎസ്ഐഎസ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറക്കി. ഹിന്ദി, ഉറുദു, തമിഴ് എന്നീ ഭാഷകളില്‍ സബ്ടൈറ്റിലുകളുള്ള ദൃശ്യങ്ങളാണ് തീവ്രവാദികള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ രണ്ട് വീഡിയോകളാണ് ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒന്നില്‍ ഐഎസ്ഐഎസ് ഭീകരന് ജിഹാദിന്റെ മാഹാത്മ്യം വിവരിക്കുന്നതാണ് ഒരു വീഡിയോ. മറ്റൊന്നില്‍ സുന്നി ഭീകരന് ഷെയ്ഖ് അഡ്നാനിയുടെ പ്രസംഗമാണ്. ഐഎസ്ഐഎസ് മാധ്യമ വിഭാഗമായ അല്‍ ഇസാബാ മീഡിയ ആണ് രണ്ട് വീഡിയോകളും പുറത്തിറക്കിയിരിക്കുന്നത്.
കാനേഡിയനായ യുവാവാണ് ഇതില്‍ ജിഹാതിന്റെ മാഹാത്മ്യം വര്‍ണ്ണിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ അവസാനിക്കുന്നത് ഇയാള്‍ കൊല്ലപ്പെട്ടു കിടക്കുന്ന ചിത്രത്തൊടെയാണ്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ രാജ്യത്ത് സുരക്ഷാ ഏജന്‍സികള്‍ ആശങ്കയിലായിട്ടുണ്ട്. അതീവ ജാഗ്രതയാണ് നിലവില്‍ ഈ കാര്യത്തില്‍ ഏജന്‍സികള്‍ പുലര്‍ത്തുന്നത്.
നേരത്തേ ഐഎസ്ഐഎസ് പ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്ന് ആളുകള്‍ പോയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇന്ത്യന്‍ സബ് ടൈറ്റിലുകളുമായി വീഡിയോ പുറത്തുവന്ന സംഭവം. തമിഴ്നാട് ഉത്തരേന്ത്യന്‍ മേഖല എന്നിവിടങ്ങളില്‍ നിന്ന് യുവാക്കള്‍ ഇറാഖിലെത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നേരത്തേ ലഭിച്ചിരുന്നു.