ആത്മഹത്യാ ശ്രമമല്ല; ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ ഉത്തരവ്
വ്യാഴം, 22 ജനുവരി 2015 (14:36 IST)
മണിപ്പൂരിലെ പ്രത്യക സായുധ നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 15 വര്‍ഷമായി നിരാഹാര സമരം തുടരുന്ന ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ ഇംഫാല്‍ ജില്ലാ കോടതി ഉത്തരവ്. ആത്മഹത്യാ ശ്രമ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇംഫാലില്‍ ആസാം റൈഫിള്‍സ് പ്രദേശവാസികളായ 14 പേരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് 2000 നവംബർ മുതല്‍ ഇറോം ശർമിള നിരാഹാര സമരം തുടങ്ങിയത്. സമരം നീണ്ടു പോയതോടെ ആത്മഹത്യാ ശ്രമം ചുമത്തി കേസ് എടുക്കുകയും മൂക്കിലൂടെ ട്യൂബിട്ട് ഭക്ഷണം നൽകുകയുമായിരുന്നു. ശർമിളയുടെ നിരാഹാരം ആത്മഹത്യാ ശ്രമമല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ആഗസ്റ്റിൽ ഇവരെ വിട്ടയക്കാൻ മണിപ്പൂർ കോടതി ഉത്തരവിട്ടിരുന്നു.
അന്ന് ജയില്‍ മോചിതയായ ഇറോം ശര്‍മിള സായുധ നിയമം പിന്‍വലിക്കുംവരെ നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് അവരെ പൊലിസ് ബലമയി കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. ആത്മഹത്യാശ്രമം ചുമത്തി ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജിയിലാണ് മണിപ്പൂരിന്റെ ഉരുക്ക് വനിതയ്ക്ക് അനുകൂലമായ വിധി വന്നത്.