സൈബർ തട്ടിപ്പിലൂടെ 10 ലക്ഷം തട്ടിയ കേസിലെ പ്രതിയെ പോലീസ് ജാർഖണ്ഡിൽ നിന്നു പിടികൂടി

എ കെ ജെ അയ്യർ

തിങ്കള്‍, 20 ജനുവരി 2025 (13:27 IST)
കൊല്ലം: സൈബര്‍ തട്ടിപ്പിലൂടെ കരുനാഗപള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപാ തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാളെ ജാര്‍ഖണ്ഡില്‍ നിന്ന് പോലീസ് പിടികൂടി. 13 ദിവസത്തെ തുടര്‍ച്ചയായ ശ്രമത്തിലാണ് ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയെ കരുനാഗപ്പള്ളി പോലീസ് ജാര്‍ഖണ്ഡിലെത്തി പിടികൂടിയത്.
 
ഒരു ഇടപാടിനായി ഗൂഗിള്‍ പേമെന്റ് നടത്താന്‍ കഴിയാതെ വന്നതോടെ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ ഒരു തട്ടിപ്പ് സംഘത്തിന്റെ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പരില്‍ മാരാരിത്തോട്ടം സ്വദേശിനി ബന്ധപ്പെട്ടതാണ് വിനയായത്. സഹായിക്കാമെന്ന വ്യാജേന തട്ടിപ്പ് സംഘം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതോടെ ആണ് പണം നഷ്ടമായത്. പരാതിയെ ഉടര്‍ന്നാണ് അന്വേഷണത്തിന് ഒടുവില്‍ കരുനാഗപ്പള്ളി പോലീസ് ജാര്‍ഖണ്ഡില്‍ എത്തിയത്.
 
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തെ തുടര്‍ന്ന് 15 അംഗ സംഘ തലവനായ അന്‍സാരിയെ പിടികൂടി കരുനാഗപ്പള്ളിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതിനൊപ്പം തട്ടിപ്പുകാര്‍ക്ക് വേണ്ട വെബ്‌സൈറ്റ് നിര്‍മ്മിച്ചു നല്‍കിയ റാഞ്ചി സ്വദേശി ആശ് കുമാര്‍, തട്ടിപ്പ് സംഘതലവന്‍ ഹര്‍ഷദ് , തട്ടിപ്പില്‍ സഹായിച്ച ബംഗാള്‍ സ്വദേശി തുടങ്ങിയവരെ കുറിച്ചും വിശദമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും ഉടന്‍ പിടികൂടുമെന്നാണ് പോലീസ് അറിയിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍