സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം ചെയ്തതായി കണക്ക്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി പെണ്‍കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തിയും ബ്രോക്കര്‍മാര്‍ വഴിയുമാണ് വിവാഹം നടന്നത്. അതിഥിത്തൊഴിലാളികളെ പറ്റി അന്വേഷണം നടത്തിയ ശേഷമാണ് പെണ്‍മക്കളെ മാതാപിതാക്കള്‍ വിവാഹം നടത്തിയതെന്നും യൂണിയന്‍ പറയുന്നു.
എറണാകുളം, വയനാട്,ഇടുക്കി,കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലായാണ് വിവാഹങ്ങള്‍ നടന്നത്. വിവാഹം നടത്തിയവരില്‍ ഏറിയ പങ്കും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. ഇവര്‍ക്ക് സ്വന്തമായി റേഷന്‍ കാര്‍ഡും മറ്റ് രേഖകളുമുണ്ട്. സംസ്ഥാനത്ത് മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളാണെന്ന് യൂണിയന്‍ പറയുന്നു. എറാണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ 24 വര്‍ഷം മുന്‍പ് ഒഡീഷയില്‍ നിന്നും തൊഴില്‍ തേടി എത്തിയ രാജേന്ദ്രനായിക് എന്നയാളും ഇടം നേടിയിട്ടുണ്ട്.