ഐപിഎല്‍ ഒത്തുകളി; വിധി അന്തിമം, അപ്പീല്‍ പോകാന്‍ വകുപ്പില്ല

Webdunia
ചൊവ്വ, 14 ജൂലൈ 2015 (16:16 IST)
ഐപിഎല്‍ ഒത്തുകളിക്ക് സുപ്രീംകോടതി തന്നെ നിയോഗിച്ച കമ്മിറ്റി നടത്തിയ വിധിപ്രഖ്യാപനത്തിനെതിരെ ശിക്ഷ ചോദ്യം ചെയ്യാനോ അപ്പീല്‍ നല്‍കാനോ സാധിക്കില്ല. ഇതോടെ രാജ് കുന്ദ്രയ്ക്കും ഗുരുനാഥ് മെയ്യപ്പനും ആജീവനാന്തം കളത്തിനു പുറത്തിരിക്കേണ്ടിവരും. കൂട്ടത്തില്‍ ഇരുവരുടെയും ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍‌സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും രണ്ടുവര്‍ഷത്തേക്ക് വിലക്കും തുടരും.

ജസ്റ്റിസ് ലോധ, സുപ്രീംകോടതി മുന്‍ ജസ്റ്റിസുമാരായ അശോക് ഭന്‍, ആര്‍. രവീന്ദ്രന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഒത്തുകളിക്കാര്‍ക്ക് ശിക്ഷ വിധിച്ചത്. കമ്മിറ്റിയുടെ ശീക്ഷ സുപ്രീം കോടതിയുടെ വിധിക്ക് തുല്യമായതിനാലാണ് അപ്പീല്‍ പോകാന്‍ സാധിക്കാത്തത്. ഐപി‌എല്‍ ഒത്തുകളിയേപ്പറ്റി അന്വേഷണം നടത്തിയ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ലോധ കമ്മിറ്റി ശിക്ഷവിധിച്ചത്.

ശ്രീശാന്തും രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റു രണ്ടു താരങ്ങളും ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നതോടെയാണ് 2013 ഐപിഎല്‍  കേസിന്റെ തുടക്കം. തുടര്‍ന്ന് ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ മുദ്ഗല്‍ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിക്കുകയായിരുന്നു. അന്വേഷണത്തില്‍ ബിസിസിഐ  മുന്‍പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനായ മെയ്യപ്പനും കുന്ദ്രയും ഐപിഎല്‍ വാതുവെപ്പില്‍ പങ്കാളികളാണെന്നും കേസന്വേഷണം വഴിമാറ്റാന്‍ ഇരുവരും ശ്രമിച്ചതായും പിന്നീട് കണ്ടെത്തി.

ടീമുകള്‍ക്ക് വിലക്ക് വീഴുമെന്ന് വ്യക്തമായതോടെ മെയ്യപ്പനും കുന്ദ്രയും ടീമുകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങളും അവകാശങ്ങളും ഉപേക്ഷിച്ചിരുന്നു എങ്കിലും ഇതൊന്നും കമ്മിറ്റി പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് മുഗ്ദല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വിധി പ്രഖ്യാപിക്കുന്നതിന് സുപ്രീംകോടതി 2015 ജനവരി 22ന്  ലോധ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.