രജിസ്ട്രേഷൻ സാധുവല്ലെങ്കിൽ ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി

വെള്ളി, 1 ഒക്‌ടോബര്‍ 2021 (21:42 IST)
സാധുവായ രജിസ്ട്രേഷനില്ലാത്ത വാഹനത്തിന് ഇൻഷുറൻസ് ക്ലെയിം നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി. രാജസ്ഥാൻ സ്വദേശിയായ സുശീൽ കുമാറിന്റെ വാഹനമോഷണവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ വിധി.
 
രാജസ്ഥാന്‍ സ്വദേശിയായ സുശീല്‍ കുമാര്‍ പഞ്ചാബില്‍നിന്ന് പുതിയ 'ബൊലേറോ' വാഹനം വാങ്ങിയപ്പോള്‍ 2011 ജൂണ്‍ 20 മുതല്‍ ഒരു മാസത്തേക്കുള്ള താത്കാലിക രജിസ്ട്രേഷനാണ് ലഭിച്ചത്. രജിസ്ട്രേഷൻ കാലാവധി അവസാനിച്ച് അടുത്ത മാസം 28നായിരുന്നു സുശീൽ കുമാറിന്റെ വാഹനം മോഷണം രാജസ്ഥാനിലെ ജോധ്‌പൂരിൽ വെച്ച് മോഷണം പോയത്. ഈ സമയത്ത് ഇയാൾ ഇൻഷുറൻസ് തുക അടച്ചിരുന്നില്ല,
 
വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തുകയായ 6,17,800 രൂപയും ഒമ്പതു ശതമാനം പലിശയും നല്‍കണമെന്നാണ് സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചത്. ദേശീയ ഉപഭോക്തൃ കമ്മിഷന്‍ അത് ശരിവെച്ചതിനെതിരേ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
 
നിര്‍ത്തിയിട്ട വാഹനമാണ് മോഷണം പോയതെന്നതിനാല്‍ സാധുവായ രജിസ്ട്രേഷനില്ലെങ്കിലും ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന വാദം സുപ്രീംകോടതി തള്ളി. രജിസ്ട്രേഷനില്ലാത്ത വാഹനം എങ്ങനെയാണ് മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു.താത്കാലിക രജിസ്ട്രേഷന്‍ അവസാനിച്ചിട്ടും സ്ഥിരം രജിസ്ട്രേഷന് ഉടമ അപേക്ഷിച്ചിട്ടില്ലെന്നും ബെഞ്ച് പറഞ്ഞു. മോഷണം നടന്ന ദിവസം രജിസ്ട്രേഷനില്ലാത്ത വാഹനം ഉപയോഗിച്ചത് ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാറിന്റെ ലംഘനമാണ്. അതിനാൽ ദേശീയ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍