ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉറുമ്പ് കടിയേറ്റ് നവജാതശിശു മരിച്ചെന്ന് റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 3 മെയ് 2016 (11:01 IST)
നാലുദിവസം മാത്രം പ്രായമുള്ള നവജാത ശിശു ഉറുമ്പുകടിയേറ്റ് മരിച്ചെന്ന് റിപ്പോര്‍ട്ട്. ഗുണ്ടൂർ ജില്ലയിലെ പേനുമാകാ ഗ്രാമനിവാസിയായ അഞ്ജയ്യായുടെ ഭാര്യ ലക്ഷ്‌മിയുടെയും ആൺകുഞ്ഞ് ആന്ധ്രാപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുകയായിരുന്നു.

നാലു ദിവസം മുമ്പ് ജനിച്ച കുട്ടിയെ തിങ്കളാഴ്‌ച രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്ത് പരുക്കേറ്റ പാടുകള്‍ കണ്ടെത്തിയതാണ് ആശങ്കയ്‌ക്ക് വഴിവെച്ചിരിക്കുന്നത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും  ഉറുമ്പുകടിയേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നത്.

ആശുപത്രിയിലെ ഒരു സ്‌റ്റാൻഡിൽ തൂക്കിയിട്ടിരുന്ന ഉപ്പുവെള്ളത്തിന്റെ കുപ്പി കുഞ്ഞിന്റെ ദേഹത്ത് വീണതാണ് പരുക്കേൽക്കാൻ കാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്ന തടിപ്പുകൾ ഉറുമ്പ് കടിച്ചതാണെന്നും അവർ പറയുന്നു. എന്നാൽ ആശുപത്രി ജീവനക്കാർ ആരോപണങ്ങൾ നിഷേധിച്ചു.

പോസ്‌റ്റുമോർട്ടത്തിനായി കുട്ടിയുടെ ശരീരം മോർച്ചറിയിലേക്ക് മാറ്റി. ആരോഗ്യമന്ത്രി കാമിനേനി ശ്രീനിവാസ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ബന്ധുക്കളും ചില രാഷ്ട്രിയപാർട്ടി നേതാക്കന്മാരും ആശുപത്രിയില്‍ പ്രതിഷേധം നടത്തി.  
Next Article