ചെലവ്​ നാലുകോടി; ഗ്ലാസ് മേല്‍ക്കൂരയുള്ള കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ

ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (16:46 IST)
ഗ്ലാസ്സ് മേല്‍ക്കൂരയുള്ള ട്രെയിന്‍ കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്ത്. സ്വദേശികളെയും വിദേശികളായ ടൂറിസ്​റ്റുകളെ ലക്ഷ്യം റെയില്‍വേ ടൂറിസം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ഐ.ആർ.ടി.സി ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ ഡോ എകെ മനോക്ക അറിയിച്ചു.
   
ഇത്തരം കോച്ചുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ 2015ലാണ് ആരംഭിച്ചത്. പൂര്‍ണമായും ഗ്ലാസ് മേല്‍ക്കൂരയുള്ള ആദ്യ കോച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ പെരമ്പൂര്‍ ഫാക്ടറിയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഐ.ആർ.സി.ടി.സിയും ആർ.ഡി.എസ്​.ഒയും ചേർന്നാണ് ഈ കോച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.  
 
നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യ കോച്ച് കശ്മീരിലെ റെഗുലര്‍ ട്രെയിനിലാണ് ഘടിപ്പിക്കുന്നത്. ശേഷിക്കുന്ന കോച്ചുകള്‍ തെക്ക്- കിഴക്കന്‍ മേഖലകളിലെ ട്രെയിനുകളിലാവും സജ്ജീകരിക്കുക. കറങ്ങുന്ന ​കസേര ഉൾപ്പെടുന്ന അത്യാഡംബര സൗകര്യങ്ങളടങ്ങുന്ന ഒരു കോച്ചിന്​ നാലു കോടിയാണ്​ ചെലവ്​.

വെബ്ദുനിയ വായിക്കുക