ഓസ്ട്രേലിയ്ക്കെതിരായ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ട് ലോകക്കപ്പ് സ്വപ്നങ്ങള്‍ അവസാനിച്ച ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ ടീമിന്റെ പരാജയത്തിനു കാരണവും കണ്ടുപിടിച്ചിരിക്കുന്നു.
ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയും കാമുകി അനുഷ്കാ ശര്‍മ്മയുമാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ തോല്‍വി ഉറപ്പിച്ചതിനു പിന്നാലെ ഇരുവരെയും പരിഹസിക്കുന്ന പോസ്റ്റുകളും കമന്റുകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധാകര്‍ മേഞ്ഞു നടക്കുകയാണ്.
മത്സരത്തില്‍ ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിച്ച കൊഹ്ലി ഫീല്‍ഡിലും ബാറ്റിംഗിലും നിരാശപ്പെടുത്തിയതിനു കാരണക്കാരി അനുഷ്കയാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ ആരാധകര്‍ അനുഷ്കയുടെ ഫേസ്ബുക്ക് പേജില്‍ ഉഗ്രന്‍ പരിഹാസ ശരങ്ങളാണ് തൊടുത്തുകൊണ്ടിരിക്കുന്നത്. തെറിയഭിഷേകവും പരിഹാസവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍.
അനുഷ്‌ക്ക രാജ്യദ്രോഹിയാണെന്നും സിനിമകള്‍ ബഹിഷക്കരിക്കണമെന്നും പറഞ്ഞവരുമുണ്ട്. കോലി ഒരോവര്‍ എറിയുന്നതും ഒരു ക്യാച്ച് വിടുന്നതും ഒരു റണ്ണെടുക്കുന്നതും കാണാനാണോ അനുഷക്ക മുംബൈയില്‍ നിന്ന് പറന്നുവന്നതെന്ന് ചിലര്‍. സിഡ്‌നിയിലേയ്ക്ക് വന്നതാണ് അനുഷ്‌ക്ക ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് മറ്റു ചിലര്‍ ട്വീറ്റ് ചെയ്തു.
ബോക്‌സോഫീസില്‍ തകര്‍ത്തോടുന്ന എന്‍.എച്ച്. 10ന്റെ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നാണ് താരറാണി അനുഷ്‌ക്ക ശര്‍മ സിഡ്‌നിയിലേയ്ക്ക് പറന്നത്. വന്നിറങ്ങി കസേരയിലേക്ക് ചായുന്നതിനു മുമ്പേ കാമുകന്‍ വമ്പന്‍ ഫ്ലോപ്പുമായി പവലിയന്‍ കയറുന്നതാണ് അനുഷ്ക കാണുന്നത്. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ കോലി ഒരൊറ്റ റണ്‍ മാത്രമെടുത്ത് പുറത്താകുമ്പോള്‍ ഗ്യാലറിയില്‍ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ മൂക്കത്ത് വിരല്‍വച്ചുനില്‍ക്കുന്ന ദൃശ്യങ്ങള്‍ മാലോകരെ കാണിക്കാന്‍ മത്സരിക്കുകയായിരുന്ന് ടീവി ചാനലുകള്‍.
ഇതെല്ലാം കൂടി കഴിഞ്ഞതോടെ കോഹ്ലി ഇങ്ങനെ കാലിടറിയത് അനുഷ്ക കാരണമാണെന്നാണ് ആരാധക വെട്ടുക്കിളികള്‍ പറയുന്നത്. അനുഷ്‌ക്കയുടെ വീടിന് കല്ലെറിയാനാണ് കമാല്‍ ആര്‍ ഖാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്.അതേസമയം ഇന്ത്യയുടെയും തോല്‍വിക്കും വിരാട് കോലിയുടെ ബാറ്റിങ് പിഴവിനും സോഷ്യല്‍ മീഡിയ കടിച്ചുകീറിയ അനുഷ്‌ക്ക ശര്‍മയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ സുസ്മിത സെന്നും അസിനും രംഗത്തെത്തി.
പരിഹസിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അനുഷക്കയെ വെറുതെ വിടണമെന്നും തന്റെ കാമുകനെയും രാജ്യത്തെയും പിന്തുണയ്ക്കാനാണ് അനുഷ്‌ക്ക ഓസ്‌ട്രേലിയയില്‍ പോയതെന്നും സുസ്മിത ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ തോല്‍വിക്ക് അനുഷ്‌ക്കയെ പഴിക്കുന്നത് പരിഹാസ്യമാണ്. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്-അസന്‍ ട്വിറ്ററില്‍ ചോദിച്ചു. ഇതിനു പിന്നാലെ നിരവധി പേര്‍ അനുഷ്കയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.