ഇന്ത്യ താമസിയാതെ മരുഭൂമിയാകും!

Webdunia
ചൊവ്വ, 1 ജൂലൈ 2014 (16:30 IST)
ഇന്ത്യ താമസിയാതെ മരുഭൂമിയായി മാറുമെന്നും രാജ്യത്തിന്റെ കാര്‍ഷിക ഉത്പാ‍ദനം കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ 25ശതമാനം ഭൂമിയും മരുവത്ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും 32ശതമാനം ഭൂമിയുടെയും ഉത്പാദനക്ഷമത കുറഞ്ഞ് കൊണ്ടിരിക്കുകയുമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്.

മരുഭൂമി വത്കരണം കൂടുതലായി കാണപ്പെടുന്നത് രാജസ്ഥാനിലാണ്. 23 ദശലക്ഷം ഹെക്ടറിലാണ് ഇപ്പോള്‍ മരിഭൂമിയുള്ളത്. മരുഭൂമി വത്കരണത്തില്‍ രാജസ്ഥാന് പിന്നാലെ ഗുജറാത്തും മഹാരാഷ്ട്രയും ജമ്മുകാശ്മീരുമുണ്ട്.ഒറീസയിലും ആന്ധ്രാപ്രദേശിലും അഞ്ച് ദശലക്ഷം ഹെക്ടര്‍ ഭൂമി മരുഭൂമിയാകുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വനനശീകരണം മൂലം സസ്യജാലങ്ങള്‍ ഇല്ലാതായതും കൃഷി നശിച്ചതും വനമേഖലയിലേക്കുളള മനുഷ്യന്റെ കടന്ന് കയറ്റവും കാട്ടുതീയും മറ്റുമാണ് ഭൂമിയെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. മൊത്തം നാശത്തിന്റെ 71ശതമാനവും മണ്ണൊലിപ്പ് മൂലമാണ്. 10.24ശതമാനം ഭൂമി കാറ്റ് മൂലവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

അനിയന്ത്രിതമായ രാസവള ഉപയോഗവും വിളകള്‍ മാറി മാറി പരീക്ഷിക്കുന്നതും ജലസേചനത്തിലെ പാളിച്ചകളും ഭൂമിയ്ക്കടിയില്‍ നിന്നുളള അമിത ജലചൂഷണവും മറ്റുമാണ് ഇതിന് കാരണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.