ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഇന്ത്യ രണ്ട് കപ്പലയക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
യെമനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അയല്‍ രാജ്യമായ ജിബൗട്ടിയിലേക്ക് കപ്പലില്‍ എത്തിക്കാനാണ് തീരുമാനം. അവിടെനിന്ന് വിമാനത്തില്‍ നാട്ടിലെത്തിക്കും. കപ്പല്‍ വഴി കൊണ്ടുവരാന്‍ സാധിക്കാത്താവരെ റോഡുമാര്‍ഗം സൗദിയിലെത്തിച്ച് ഇന്ത്യയിലെത്തിക്കാനും തീരുമാനമായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ട ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടിരുന്നു.
യെമനിലുള്ള മലയാളികള്‍ അവിടെയുള്ള ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാസ്‌പോര്‍ട്ടില്ലാത്തവരെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി വിടുമെന്നാണ് എംബസി അറിയിച്ചതെന്ന് പ്രവാസിക്ഷേമകാര്യ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. യെമനില്‍ കുടുങ്ങിയവരുടെ വിശദാംശങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഹെല്‍പ്ഡസ്‌കില്‍ നല്‍കണം കെ സി ജോസഫ് പറഞ്ഞു.