'അയൂബിന്റെ വാൾ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്'; ഭീകരുടെ ഭീഷണി സന്ദേശം ബലൂൺ രൂപത്തിൽ, തിരിച്ചടി ഏതു തരത്തിൽ?

ഞായര്‍, 2 ഒക്‌ടോബര്‍ 2016 (10:40 IST)
ബലൂണുകളിൽ ഭീകരരുടെ ഭീഷണി സന്ദേശം. ഉറുദുവിൽ ആയിരുന്നു ഭീഷണി സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയത കുറുപ്പിൽ ‘അയൂബിന്റെ വാൾ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയിരുന്നു. സന്ദേശമടക്കമുള്ള രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാൽ ഗ്രാമവാസികൾക്കു ലഭിച്ചത്. സംഭവത്തെ അതീവ ഗൗരവമായി കാണുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
 
അതിർത്തി ജില്ലകളായ ഗുർദാസ്പൂർ, പഠാൻകോട്ട് എന്നിവിടങ്ങളിൽ നിന്നു ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. ഇതിനു തൊട്ടുമുമ്പാണ് ഭീഷണി ബലൂണുകൾ കണ്ടെത്തിയത്. സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ഏകദേശം നാൽപ്പതോളം ബലൂണുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ സ്ത്രീകൾക്കും സുരക്ഷാസേനയ്ക്കുമെതിരെ അസഭ്യവർഷങ്ങൾ ചൊരിഞ്ഞുകൊണ്ടാണ് സന്ദേശം പൂർത്തിയാക്കിയിരിക്കുന്നത്.  
 
കഴിഞ്ഞ വർഷം ദിനനഗർ പൊലീസ് സ്റ്റേഷനിൽ സൈനിക വേഷത്തിൽ എത്തിയ ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഉറി ആക്രമണത്തിനു ശേഷം പാകിസ്ഥാന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയിരുന്നു. വീണ്ടും തിരിച്ചടിക്കുമെന്ന് ഭീഷണികൾ മുഴങ്ങുന്നതിനാൽ അതിർത്തി പ്രദേശങ്ങളിലെല്ലാം ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബലൂൺ എവിടുന്നാണ് വന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വെബ്ദുനിയ വായിക്കുക