നിലപാട് കടുപ്പിച്ച് ഇന്ത്യ; പാക്കിസ്ഥാനുമായി ഇനി ചര്‍ച്ചക്കില്ല

Webdunia
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (11:37 IST)
അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാനോട് ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. തീവ്രവാദവും ആക്രമണവും നിര്‍ത്താതെ പാകിസ്താനുമായി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി നിലപാട് കടുപ്പിച്ചു.

എല്ലാ രാജ്യങ്ങളുമായും സമാധാനപൂര്‍ണമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അത് തങ്ങളുടെ ബലഹീനതയായി കാണരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തോട് ഹരിയാനയിലെ പാല്‍വാല്‍ ജില്ലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ വിജയ് സങ്കല്‍പ് യാത്രയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെങ്കില്‍ സമാധാനത്തിന്റെ വെള്ളക്കൊടി കാണിക്കേണ്ട ആവശ്യമില്ല. തിരിച്ചും വെടിവയ്ക്കാന്‍ ബിഎസ്എഫ് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ തവണയും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും കരാര്‍ ലംഘനമുണ്ടാകുമ്പോള്‍ ഇന്ത്യ വെള്ളക്കൊടി കാണിക്കാറുണ്ട്. ഇത്തരത്തില്‍ പതിനഞ്ച് തവണയോളം ഇന്ത്യ വെള്ളക്കൊടി കാണിച്ചു. പക്ഷേ അപ്പോഴെല്ലാം തന്നെ പാക്കിസ്ഥാന്‍ വെടിവയ്പ് തുടരുകയായിരുന്നു. എന്നാല്‍ ഇനി തിരിച്ചും ഇന്ത്യ വെടിവയ്പിലൂടെയായിരിക്കും പാക്കിസ്ഥാന്റെ പ്രവൃത്തിക്ക് മറുപടി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിനു മുന്നില്‍ ഇന്ത്യയെ ഒരു ബലഹീന രാജ്യമാക്കി വരുത്തിത്തീര്‍ക്കാന്‍ മാത്രമേ കഴിഞ്ഞ പത്തുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് സാധിച്ചിട്ടുള്ളൂ. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയോടെ ആ കാഴ്ചപ്പാട് മാറി. ഇന്ത്യ ഒരു ബലഹീന രാജ്യമല്ലെന്നും ശത്രുക്കള്‍ക്ക് യോജിച്ച തരത്തില്‍ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് മറ്റു ലോകരാജ്യങ്ങള്‍ക്ക് മനസ്സിലായതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ നേപ്പാളില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.  നേപാളിലെ കാഠ്മണ്ഡുവിലാണ് ഉച്ചകോടി ചേരുക. ഉച്ചകോടിയില്‍ സാര്‍ക്ക് അംഗരാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരും പങ്കെടുക്കും. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, നേപാള്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ളാദേശ്, മാലിദ്വീപ് എന്നിവരാണ് സാര്‍ക്ക് അംഗരാഷ്ട്രങ്ങള്‍. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ഉച്ചകോടിയില്‍ ചര്‍ച്ചയാകും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.