തനിനിറം കാട്ടി പാകിസ്ഥാന്‍; ഹുറിയത്ത് നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചു

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2015 (12:41 IST)
ദേശിയ സുരക്ഷ സംബന്ധിച്ച ഇന്ത്യ-പാക് ചർച്ച നടക്കാനിരിക്കെ വിഘടനവാദി സംഘ‌ടനയായ ഹുറിയത്തിന്റെ നേതാക്കളെ പാകിസ്ഥാൻ ചർച്ചയ്ക്ക് ക്ഷണിച്ചു. ഹുറിയത്ത് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക്, നഈം ഖാന്‍ എന്നിവരെയാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ തമ്മിൽ ഈ മാസം 24ന് ഡൽഹിയില്‍ കൂടിക്കാഴ്‌ച നടത്താനിരിക്കെ ആ ദിവസം തന്നെയാണ് പാകിസ്ഥാൻ ഹുറിയത്ത് നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നടപടിയാണ് പാക്കിസ്ഥാൻ എടുത്തിരിക്കുന്നത്. പാക്കിസ്ഥാൻ ഡപ്യൂട്ടി ഹൈകമ്മീഷണർ മൻസൂർ അഹമ്മദ് ഖാനാണ് ഹുറിയത്ത് നേതാവ് സ‍യിദ് അലി ഷാ ഗിലാനിയെ ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നത്. നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചകാര്യം ഹുറിയത്ത് വക്താവ് സ്ഥിരീകരിച്ചു. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായിട്ടാണ് ഹുറിയത്ത് നേതാക്കള്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ചക്കാണ് സര്‍താജ് അസീസ് ഇന്ത്യയിലത്തെുന്നത്.

ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ തമ്മിലുള്ള ചർച്ചയിൽ ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്കു പിന്നിലുള്ള പാക്ക് പങ്കിനെക്കുറിച്ചു കൂടുതൽ തെളിവു നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൃത്യമായ തെളിവുകളുമായി പ്രധാനപ്പെട്ട അഞ്ച് ഭീകരപ്രവർത്തന അനുബന്ധ കാര്യങ്ങളുടെ തെളിവാണ് ഇന്ത്യ കൈമാറാനിരിക്കുന്നത്. അതേസമയം സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചക്ക് മുമ്പ് പാക് ഹൈകമ്മീഷന്‍ ഹുര്‍റിയത്ത് നേതാക്കളെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത് ഇന്ത്യ- പാക് ചര്‍ച്ചയെ തകിടം മറിച്ചേക്കും.

2014ൽ പാക്ക് ഹൈക്കമ്മിഷണർ വിഘടനവാദികളുമായി ചർച്ച നടത്തിയതിനെത്തുടർന്ന് അന്നു ചേരാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചർച്ച ഇന്ത്യ റദ്ദാക്കിയിരുന്നു. റഷ്യയിലെ ഊഫയില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ -പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടത്താന്‍ ധാരണയായത്.