സര്‍ജിക്കല്‍ സട്രൈക്ക്: ഭീകരരുടെ മൃതദേഹങ്ങൾ ട്രക്കുകളിൽ കൊണ്ടുപോയതാര് ? - ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു

ബുധന്‍, 5 ഒക്‌ടോബര്‍ 2016 (15:11 IST)
നിയന്ത്രണരേഖ കടന്നുള്ള ഇന്ത്യന്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ പുലർ‌ച്ചെയ്‌ക്കു  മുമ്പു തന്നെ ട്രക്കുകളിൽ കയറ്റി സംഭവസ്ഥലത്തുനിന്നു മാറ്റിയെന്ന് ദൃക്സാക്ഷികൾ. ഇതോടെ ഇന്ത്യ പാക് അധീന കശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ സട്രൈക്ക് നടത്തിയില്ലെന്ന പാകിസ്ഥാന്റെ വാദം പൊളിയുകയാണ്.

രാത്രിയിൽ ശക്തമായ വെടിവയ്പ്പു നടക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നു. എന്നാൽ ആരും പുറത്തിറങ്ങി നോക്കിയില്ല. ഇന്ത്യയുടെ ഭാഗത്തുനിന്നു വളരെ ശക്തമായ ആക്രമണമാണുണ്ടായത്. വെടിവയ്പ്പിൽ ഭീകരർ താവളമാക്കിയിരുന്ന കെട്ടിടങ്ങൾ തകർന്നുവെന്നും നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് താമസിക്കുന്ന അഞ്ച്  ദൃക്സാക്ഷികൾ വ്യക്തമാക്കി.

അല്‍ഹാവി പാലം ജമ്മു കശ്മീരിലെ കുപ് വാരയിലുള്ള അല്‍ഹാവി പാലത്തിന് സമീപത്തെ കെട്ടിടത്തിലുള്ള ലഷ്‌കറിന്റെ  കേന്ദ്രം ഇന്ത്യന്‍ സേന തകര്‍ത്തുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. നിയന്ത്രണ രേഖയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലത്തിലായിരുന്നു ആക്രമണം.

പുലര്‍ച്ചെ ലഷ്കർ ഭീകരർ തന്നെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായതായി വ്യക്തമാക്കിയത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തിക്കു സമീപമുള്ള നീലം നദിയോടുചേർന്നുള്ള ചൽഹാനയിലുള്ള ക്യാമ്പിലേക്ക് മാറ്റി. പാക് പട്ടാളത്തെ ഭീകരര്‍ കുറ്റപ്പെടുത്തുകയും ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ലഷ്‌കര്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തതായും സാക്ഷികൾ പറഞ്ഞു.

വെബ്ദുനിയ വായിക്കുക