ഭീകരവാദത്തെ പാകിസ്ഥാന്‍ ദേശീയ നയമായി സ്വീകരിച്ചു; അനാവശ്യമായി കശ്‌മീര്‍ വിഷയം കുത്തിപ്പൊക്കി ഐക്യരാഷ്‌ട്രസഭാ വേദി ദുരുപയോഗം ചെയ്യുന്നു - പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
വ്യാഴം, 14 ജൂലൈ 2016 (14:16 IST)
ഭീകരവാദത്തെ പാകിസ്ഥാന്‍ ദേശീയ നയമായി സ്വീകരിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീനാണ് ഉന്നതല യോഗത്തില്‍ കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഭീകരരെ ഉപയോഗിച്ച് വഷളാക്കാൻ അയൽരാജ്യം ശ്രമിക്കുകയാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
പാകിസ്ഥാന്‍ അനാവശ്യമായി കശ്‌മീര്‍ വിഷയം കുത്തിപ്പൊക്കി ഐക്യരാഷ്‌ട്രസഭാ വേദി ദുരുപയോഗം ചെയ്യുകയാണ്. യുഎൻ കരിമ്പട്ടികയിൽ പെടുത്തിയ ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്‌തു നല്‍കുന്നതില്‍ എന്നും അവര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി യുഎന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പാകിസ്ഥാന്‍ ഉപയോഗിക്കുന്നു. മറ്റു രാജ്യങ്ങളുടെ മണ്ണ് കൊതിക്കുന്നവരാണ് അവരെന്നും സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.
ഭീകരതയെ പുകഴ്ത്തുകയും അവര്‍ക്ക് അഭയംനല്‍കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഭീകരരെ ഇന്ത്യക്കെതിരായി ഉപയോഗിക്കാനാണ് അവര്‍ എന്നും ശ്രമിക്കുന്നത്. നിയമവും ജനാധിപത്യവും മനുഷ്യാവകാശവും എന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ മേഖലകളിലെയും മുനുഷ്യാവകാശ സംരക്ഷണത്തിനും പ്രചാരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് അക്ബറുദ്ദീൻ വ്യക്തമാക്കി.
ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎന്നിൽ ഉന്നയിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. നേരത്തെ മനുഷ്യാവകാശ ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു.