പാകിസ്ഥാനോട് ഒരു ദയയുമില്ല; കശ്‌മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്‌ക്കുള്ള ക്ഷണം ഇന്ത്യ തള്ളി

ബുധന്‍, 17 ഓഗസ്റ്റ് 2016 (19:03 IST)
കശ്‌മീര്‍ വിഷയം സംബന്ധിച്ച് സെക്രട്ടറി തല ചർച്ചകൾ നടത്താനുള്ള പാക് ക്ഷണം ഇന്ത്യ നിരസിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കർ ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്കു വരാൻ തയാറാണെന്നും എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മാത്രമാകും അതെന്നുമാണ് ഇന്ത്യയുടെ നിലപാട്.

കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതിലിടപെടാൻ പാകിസ്ഥാന് അവകാശമില്ല. പ്രശ്നങ്ങൾക്കു കാരണം അതിർത്തി കടന്നുള്ള ഭീകരവാദമാണെന്നും പാക് വിദേശകാര്യ ഓഫിസിന് ഇന്ത്യൻ ഹൈക്കമ്മ‌ിഷണർ ഗൗതം ബംബാവാലേ കൈമാറിയ കത്തില്‍ ഇന്ത്യ വ്യക്തമാക്കുന്നുണ്ട്.

കശ്‌മീര്‍ അടക്കം വിവാദ വിഷയങ്ങളിൽ ചർച്ചയ്ക്കായി വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറിനെ പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക